സ്വന്തം ലേഖകൻ
നെന്മാറ: സംസ്ഥാനത്ത് നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും, ഏതു സംരംഭങ്ങൾക്കും കടന്നുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ചികിത്സാ രീതികൾ ഉൾകൊള്ളുന്ന എയിംസ് കേരളത്തിന് അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവഴി കേരളത്തിൽ ആരോഗ്യരംഗത്ത് മികച്ച ചുവടുവയ്ക്കാൻ കഴിയും.
കാർഡിയോളജി, ന്യൂറോളജി, നെഫ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, റീനൽ സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളോടെ ആരോഗ്യരംഗത്തേക്കുള്ള മികച്ച ഒരു കാൽവയ്പാണു നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടത്തിയിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
സാധാരണക്കാർക്കും പ്രാപ്യമായ രീതിയിൽ ലോകോത്തര നിലവാരത്തിലുള്ള മികച്ച ചികിത്സ ലഭ്യമാക്കുന്ന അവൈറ്റിസ്, സ്വകാര്യ മേഖലയിൽ വ്യത്യസ്തമായി നിൽക്കുന്നുവെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ശാന്തി പ്രമോദിനെയും ജ്യോതി പാലാട്ടിനെയും പോലെ ധാരാളം വനിതാസംരംഭകർ മുന്നോട്ടു വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.
കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി മങ്ങാട്ട് ഫൗണ്ടേഷൻ നടത്തുന്ന കാന്പയിന്റെ ഉദ്ഘാടനം മന്ത്രിയും സിനിമാതാരം മോഹൻലാലും ചേർന്നു നിർവഹിച്ചു. വയോധികർക്കായുള്ള അവൈറ്റിസ് ഏജ്ലെസ് പ്രത്യേക പദ്ധതിക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാന്ദി കുറിച്ചു.
ആതുര സേവന രംഗത്തു വലിയ സംഭാവനകൾ നല്കാൻ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു സംരംഭകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജ്യോതി പാലാട്ട് പറഞ്ഞു. ആരംഭഘട്ടത്തിൽ തന്നെ മികച്ച സേവനങ്ങൾ നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സിഇഒ ഡോ. പി. മോഹനകൃഷ്ണൻ അറിയിച്ചു.
ലോക കേരളസഭയും അവൈറ്റിസും ചേർന്ന് പ്രളയ ദുരിതാശ്വാസ ധനശേഖരണത്തിനായി നടത്തുന്ന “അവൈറ്റിസ് ദേവഭൂമിക’ യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു. അവൈറ്റിസ് ദേവഭൂമികയുടെ ലോഗോ അനാവരണം മോഹൻലാൽ നിർവഹിച്ചു. ഒൗദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ എന്റെ പാലക്കാട് 2025 എന്ന സംവാദപരന്പരയുടെ പ്രധാന നിർദേശങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പ്രത്യേക ധവളപത്രം മുഖ്യമന്ത്രിക്കു കൈമാറി.
തുടർന്ന് വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ചിത്രം വിജയിയുടെ സാന്നിധ്യത്തിൽ പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവർ ചേർന്നു മുഖ്യമന്ത്രിക്കു സമ്മാനമായി നൽകി.സ്വപ്നസാക്ഷാത്കാരത്തിന്റെ ഈ നിമിഷത്തിൽ ജന്മനാടിനായി മികച്ച ചികിത്സയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ടെന്നു സംരംഭകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശാന്തി പ്രമോദ് പറഞ്ഞു.
അവൈറ്റിസ് ഡയറക്ടർമാർ ചേർന്ന് നെല്ല് ഉണക്കൽ യൂണിറ്റിന്റെ സമ്മതപത്രം മന്ത്രി വി.എസ്. സുനിൽ കുമാറിനും മഴവെള്ള സംഭരണി പദ്ധതിയുടെ ഒൗദ്യോഗിക പ്രഖ്യാപന രേഖ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും കൈമാറി. ഒ. രാജഗോപാൽ എംഎൽഎ നെല്ലിയാന്പതിയിലെ അവൈറ്റിസ് ആംബുലൻസ് സേവനം ഉദ്ഘാടനം ചെയ്തു കെ. ബാബു എംഎൽഎക്കു താക്കോൽ കൈമാറി.
മോഹൻലാൽ, മന്ത്രി വി.എസ്. സുനിൽ കുമാർ, മന്ത്രി കെ. കൃഷ്ണൻ കുട്ടി, യുഎഇ എക്സ്ചേഞ്ച് കന്പനിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി, എംപിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, കെ. ബാബു എംഎൽഎ, ഒ. രാജഗോപാൽ എംഎൽഎ, അബ്ദുൾ സമദ് സമദാനി എംപി, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈകീട്ട് ആശാ ശരത്തും സംഘവും അവതരിപ്പിച്ച മെഗാ ഡാൻസും ഉണ്ടായി.