തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഭുപരിഷ്കരണ നിയമത്തിന്റെ അൻപതാം വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ മുൻമുഖ്യമന്ത്രി സി.അച്യുതമേനോനെ തമസ്കരിച്ചതിലുള്ള വിമർശനമാണ് ജനയുഗം മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്.
അച്യുതമേനോനെ പരാമർശിക്കാത്ത പ്രസംഗം ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നും ജനയുഗം പറയുന്നു. ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനപ്പൂർവം വിസ്മരിച്ചു. ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല. യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ ഓർമ്മിപ്പിക്കുന്നു.
ചരിത്രത്തോട് തെല്ലും സത്യസന്ധത പുലർത്താതെ ചരിത്രത്തെ വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം ചെയ്യുന്ന കാലഘട്ടമാണ് ഇപ്പോഴത്തേത്. കേരളത്തിന്റെ ചരിത്രയാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
കേരളത്തെ ലോകത്തിലെ വികസിത സമൂഹങ്ങൾക്ക് ഒപ്പം എത്തിയ്ക്കുന്നതിൽ നിർണായക പങ്കാണ് 1970 ലെ ഭൂപരിഷ്കരണ ഭേദഗതി നിയമം. ആയിരങ്ങൾ മാത്രം ഭൂ ഉടമകളായിരുന്ന സ്ഥാനത്ത് ഈ നിയമത്തിലൂടെ 75 ലക്ഷം കുടംുബങ്ങളെ ഭു ഉടമകളാക്കി മാറ്റി.
1969 ൽ അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് നിയമം നടപ്പാക്കിയത്. അച്യുതമേനോൻ സർക്കാരിന്റെ നിശ്ചയദാർഡ്യത്തോടെയും പ്രതിബദ്ധതയോടെയുമുള്ള നടപടികൾ നിയമം നടപ്പിലാക്കിയെന്നും ജനയുഗം വ്യക്തമാക്കുന്നു.