കണ്ണൂര്‍: വ്യക്തിപൂജ സംഭവത്തിൽ സിപിഎമ്മിനകത്തു പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും രണ്ടു നീതിയെന്ന് അണികൾക്കിടയിൽ സംസാരം.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ വാഴ്ത്തിയുള്ള സംഗീത ശിൽപവും പുകഴ്ത്തിയുമുള്ള ഫ്ലക്സുകളുമായി അണികൾ രംഗത്തെത്തിയപ്പോൾ ഇത് പാർട്ടി രീതിയില്ലെന്ന നിലപാടായിരുന്നു പിണറായി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടേത്.
എന്നാൽ, പിണറായി വിജയനെ ക്യാപ്റ്റനെന്നു വിശഷിപ്പിച്ചതും ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള മെഗാ തിരുവാതിരയിൽ പാട്ടായി പിണറായി സ്തുതി ഇടം പിടിച്ചപ്പോഴും പാർട്ടി നേതൃത്വം മൗനം പാലിക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
നേരത്തെ വ്യക്തി പൂജ വിഷയത്തിൽ പി. ജയരാജനെതിരേ തിരിഞ്ഞ പിണറായി വിജയൻ ഇപ്പോൾ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജ ആസ്വദിക്കുന്നതായി പ്രവർത്തകരിൽ ചിലർ കുറ്റപ്പെടുത്തുന്നു.
കൊറോണക്കാലത്തു കടുത്ത നിയന്ത്രണം നിലനില്‍ക്കെ പിണറായി സ്തുതിക്കു വേണ്ടി മാത്രം മെഗാ തിരുവാതിര നടത്തിയതുൾപ്പെടെ വിമർശകർ ഉയർത്തുന്നുണ്ട്.
ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജില്‍ കൊല്ലപ്പെട്ട ധീരജിന്റെ വിലാപയാത്ര വേളയിൽ പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി മെഗാ തിരുവാതിര നടത്തിയതും വിമർനത്തിന് ഇടയാക്കുന്നുണ്ട്.
ഒരേ വിഷയത്തിൽ പി. ജയരാജന് ഒരു നീതിയും പിണറായി വിജയന് മറ്റൊരു നീതിയുമാണോ എന്നാണ് ഇവർ ചോദിക്കുന്നത്. എന്നാൽ, ചോദ്യം ഉന്നയിക്കുന്നവരെ അച്ചടക്കത്തിന്റെ വാൾ ഉയർത്തി നിശബ്ദരാക്കുകയാണെന്നും പറയപ്പെടുന്നു.
വ്യക്തിപൂജയുടെയും പാര്‍ട്ടിക്കകത്തു സ്വയം മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നതോടെ പി. ജയരാജനെ പാർട്ടി സംഘടനാ പ്രവർത്തനത്തിൽ നിന്നും മെല്ലെ തഴഞ്ഞു തുടങ്ങുകയായിരുന്നു.
ജയരാജനെ പിന്തുണക്കുന്നവർ പിജെ ആര്‍മിയെന്ന പോരില്‍ സമൂഹമാധ്യമക്കൂട്ടായ്മ തുടങ്ങുകയും കണ്ണൂരിന് ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം പുറത്തിറക്കിയതും പിണറായിയെ ചൊടിപ്പിച്ചിരുന്നു. ഇതായിരുന്നു പി. ജയരാജനെ തഴയപ്പെടുന്നതിലേക്ക് നയിച്ചതും.