തൃശൂർ: മുത്തച്ഛനും മുതുമുത്തച്ഛനും ഇവിടെ ജനിച്ചു വളർന്നവരാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു പറഞ്ഞാൽ അതു കേരളത്തിൽ ബാധകമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ബിൽ കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. നിയമത്തിന്റെ ബലംവച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ലെന്നു മാത്രമേ പറയുന്നുള്ളൂ.
ഇവിടെയിരിക്കുന്നവരുടെയോ പുറത്തുള്ളവരുടെയോ മാതാപിതാക്കളോ അവരുടെ മുത്തച്ഛന്മാരോ അഫ്ഗാനിസ്ഥാനിൽനിന്നോ പാക്കിസ്ഥാനിൽനിന്നോ ബംഗ്ലാദേശിൽനിന്നോ ഉള്ളവരാണോയെന്നു പരിശോധിക്കേണ്ട കാര്യമില്ല. ഭരണഘടന നമുക്കു തരുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതാടിസ്ഥാനത്തിൽ ആളുകളെ പരിശോധിക്കാനാണ് പുതിയ പൗരത്വ ഭേദഗതി നിയമം പറയുന്നത്. അതിലാണ് ആപത്ത്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതു സംസ്ഥാന സർക്കാരല്ല, കേന്ദ്ര സർക്കാരാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാവിലെ സമ്മേളനത്തിൽ പ്രസംഗിക്കവേ പറഞ്ഞതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതു തമാശയായി കണ്ടാൽ മതിയെന്നും മുരളീധരൻ പറഞ്ഞിരുന്നു. പൗരത്വ ബില്ലിനെക്കുറിച്ച് ആശങ്ക പരത്തുന്നതു രാഷ്ട്രീയ മുതലെടുപ്പിനാണ്. വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ നിയമം കൂടുതൽ ഉദാരമാക്കുകയാണു ചെയ്തത്. ഇന്ത്യക്കാർക്കു നിയമം ദോഷമാകില്ലെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിൽ ഈ നിയമം നടപ്പാക്കണമെന്നാണ് ചിലരുടെ താൽപര്യമെന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തിലേക്കു കടന്നത്. ജനങ്ങളെ വർഗീയമായി ചേരിതിരിക്കുന്നു. ഭരണഘടനയെത്തന്നെ തകർക്കുകയാണ് കേന്ദ്ര ലക്ഷ്യം. മതേതരത്വവും ഭരണഘടനയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെ എതിർക്കും, പോരാടുകതന്നെ ചെയ്യും: മുഖ്യമന്ത്രി പറഞ്ഞു. പത്രപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുരളി പെരുനെല്ലി എംഎൽഎ, തോമസ് ഉണ്ണിയാടൻ, തേറന്പിൽ രാമകൃഷ്ണൻ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ, നേതാക്കളായ എൻ. പദ്മനാഭൻ, കെ. പ്രഭാത്, ജനറൽ കണ്വീനർ എം.വി. വിനീത തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും. വൈകുന്നേരം നാലിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.