തിരുവനന്തപുരം: നിയമസഭയിൽ ഏറ്റവും കൂടുതൽ സമയം പ്രസംഗിച്ചതാര്? മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ് ഈ ചരിത്ര നേട്ടം.
നിലവിലെ 14-ാം കേരള നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മൂന്നു മണിക്കൂർ 45 മിനിറ്റ് സമയമെടുത്ത് പിണറായി വിജയൻ റിക്കാർഡ് കുറിച്ചത്.
സ്വർണക്കടത്ത്, റിവേഴ്സ് ഹവാല ആരോപണത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി കോണ്‍ഗ്രസിലെ വി.ഡി. സതീശൻ 2020 ഓഗസ്റ്റ് 24ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയുടെ മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി സമയപരിധി ഭേദിച്ചത്.
പ്രതിപക്ഷ ഇടപെടലിന് അടക്കം വിശദീകരണം നൽകിയാണ് 3.45 മണിക്കൂർ പിണറായി മറുപടി പറഞ്ഞത്.
അതേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയാൻ 225 മിനിറ്റ് സമയമെടുത്തു. അനുവദിച്ചത് 74 മിനിറ്റ്. അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തായിരുന്നു പ്രസംഗം.
പിണറായിയുടെ പ്രസംഗം മൂന്നു മണിക്കൂർ 15 മിനിറ്റെടുത്തപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി. ഇനി എത്ര സമയം കൂടി പ്രസംഗിക്കാൻ വേണമെന്നു ചോദിച്ചായിരുന്നു ഇത്.
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പിന്നീട് വോട്ടിനിട്ടു തള്ളി.ബജറ്റ് പ്രസംഗത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്ത ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇപ്പോഴത്തെ സമയക്കണക്കിൽ രണ്ടാമൻ.
2021 ജനുവരി 15ലെ ബജറ്റ് പ്രസംഗത്തിന് തോമസ് ഐസക്ക് 3.18 മണിക്കൂർ സമയമാണ് എടുത്തത്.
കെ. ഇന്ദ്രജിത്ത്