കോഴിക്കോട്: മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി മാവോവാദികളുടെ പേരില്‍ കത്തയച്ചത് കണ്ണൂരില്‍ നിന്നാണെന്ന് പോലീസ്. കണ്ണൂരിലെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്തയച്ചതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇതിനു പിന്നില്‍ മാവോയിസ്റ്റുകളല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
മാവോയിസ്റ്റുകളുടെ പേരില്‍ മറ്റാതോ സംഘടനകളിലുള്ളവരാണ് കത്തെഴുതിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന വാചകങ്ങളോ വാക്യങ്ങളോ അല്ല കത്തിലുള്ളത്. ഇക്കാരണത്തലാണ് മാവോയിസ്റ്റുകളല്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. അതേസമയം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് അനുകൂലികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ല കത്തെഴുതിയതെന്നാണ് ഇന്റലിജന്‍സും കരുതുന്നത്. നേരത്തെ മാവോയിസ്റ്റ് വാക്താവ് ജോഗിയുടെ പേരില്‍ നിരവധി കത്തുകള്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ചിട്ടുണ്ട്.
ഈ കത്തുകള്‍ താരതമ്യം ചെയ്യുമ്പോഴും കത്തെഴുതിയത് മാവോയിസ്റ്റ് ബന്ധമുള്ളവരെല്ലന്ന് വ്യക്തമാവുമെന്നും ഇന്റലിജന്‍സും അറിയിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയുള്ള കത്തായതിനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടക്കാവ് ഇന്‍സ്പക്ടര്‍ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പശ്ചിമഘട്ടം സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാസമിതി വാക്താവ് അജിതയുടെ പേരിലാണ് തിങ്കളാഴ്ച ഉച്ചയോടെ പോലീസ് സ്റ്റേഷനില്‍ തപാല്‍വഴി കത്ത് ലഭിച്ചത്. വിപ്ലവം വിജയിക്കട്ടെ എന്നെഴുതികൊണ്ടവസാനിക്കുന്ന കത്ത് നടക്കാവ് ഇന്‍സ്പക്ടറുടെ പേരിലാണ് വന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ ആക്രമണം നടത്തുമെന്നും ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ സഞ്ചരിച്ചാലും രക്ഷപ്പെടാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഞങ്ങള്‍ കാട്ടില്‍ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ്.
നിങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നുണ്ടെന്നുമാണ് കത്തിലെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും കത്തിലുണ്ട്. വെള്ള പേപ്പറില്‍ ചുവന്ന മഷിയിലാണ് കത്തെഴുതിയിരിക്കുന്നത്. കത്ത് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണെന്ന് പുറത്ത് പ്രചരിക്കുന്ന കത്തുമായി ഇതിന് ബന്ധമില്ലെന്നും നടക്കാവ് ഇന്‍സ്പക്ടര്‍ അഷ്റഫ് അറിയിച്ചു.