തിരുവനന്തപുരം: കോവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കുകയും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചത് കൊണ്ടാണ് രോഗബാധ 11 ശതമാനം പേരിൽ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതിൽ നിലനിർത്താനുമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ടാം തരംഗം തീവ്രമാണ്. ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണം.
ഡബിൾ മാസ്കിങും എൻ95 മാസ്കിംഗും ശീലമാക്കണം. അകലം പാലിക്കണം, കൈകൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അടഞ്ഞ സ്ഥലങ്ങളിലെ ആൾക്കൂട്ടവും അടുത്ത് ഇടപഴകലും എല്ലാം ഒഴിവാക്കണം.
ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുന്നുണ്ട്. രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്നു.
അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്.
ഒന്നാമത്തെ ലോക്ക്ഡൗണും ഇപ്പോഴത്തെ ലോക്ഡൗണും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് പ്രിവന്റീവ് ലോക്ഡൗണായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ് ശ്രമിച്ചത്.
ഇപ്പോഴത്തേത് എമർജൻസി ലോക്ക്ഡൗണാണ്. രോഗബാധ ഇവിടെയുള്ള സമ്പർക്കം വഴിയാണ് കൂടുന്നത്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം.
ഈ ലോക്ഡൗണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.