കാസർഗോഡ്: സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന് പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാസർഗോഡ് പെരിയയിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. നാട് ഏത് ബോംബിനേയും നേരിടാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണ പ്രചരിപ്പിച്ചാൽ മറുപടി പറയാനാകില്ലെന്നാണ് ചിലർ കരുതുന്നത്.
ഒരു പാട് നുണകളാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതിൽ ഗവേഷണം നടത്തുകയാണ്. വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.
അതിന്റെ പൊരുൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല.
നുണയുടെ ആയുസ് യഥാർത്ഥ വസ്തുത വരുന്നത് വരെയാണെന്നും പിണറായി കൂട്ടിച്ചേർത്തു.