തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്രം രചിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു.
പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുകയാണ്. ചടങ്ങിൽ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎൽഎമാരും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നു.
നേരത്തേ, പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള ഗീതാഞ്ജലിയുമായാണ് ചടങ്ങിന് തുടക്കമിട്ടത്. തുടർന്ന് എല്ലാവരെയും നേരിട്ട് കണ്ടശേഷമാണ് പിണറായി സത്യപ്രതിജ്ഞ ചെയ്യാൻ വേദിയിലേക്ക് എത്തിയത്.
പിണറായി വിജയന് ശേഷം കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. അബ്ദുറഹ്മാൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. അബ്ദുറഹ്മാൻ എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പിണറായി അടക്കമുള്ളവര്‍ സഗൗരവം പ്രതിജ്ഞചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനിൽ ചായസത്കാരവും തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. കോവിഡ് നിയന്ത്രണം, നിയമസഭാ സമ്മേളനം, കെ -റെയിൽ തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും.
ആദ്യം മുഖ്യമന്ത്രി, പിന്നാലെ ഘടകകക്ഷി മന്ത്രിമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഘടകകക്ഷി മന്ത്രിമാരുടെ ഉൗഴമായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായ സിപിഐയിലെ കെ.രാജനാണ് മുഖ്യമന്ത്രിക്ക് പിന്നാലെ സത്യവാചകം ചൊല്ലി അധികാരമേറ്റത്.
തുടർന്ന് കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ റോഷി അഗസ്റ്റിൻ, ജനതാദൾ – എസ് അംഗം കെ.കൃഷ്ണൻകുട്ടി, എൻസിപി അംഗം എ.കെ.ശശീന്ദ്രൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി.അബ്ദുറഹ്മാൻ (ഇടതു സ്വതന്ത്രൻ) എന്നിവരാണ് പിന്നാലെ അധികാരത്തിലേറിയ മന്ത്രിമാർ.
ഘടകകക്ഷി മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അക്ഷരമാല ക്രമത്തിൽ മറ്റുള്ളവർ അധികാരമേൽക്കും. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് നടക്കുന്ന ചടങ്ങിൽ ഘടകകക്ഷി നേതാക്കളും മുൻമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നുണ്ട്.