കട്ടപ്പന: കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കു കീഴിലുള്ള വാർഡ് പ്രസിഡന്റുമാരുടെ “പൊളിറ്റിക്കൽ ക്യാമ്പ് മിഷൻ – 2025′ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായിയുടെ ദുർഭരണം അവസാനിപ്പിക്കാനുള്ള തുടക്കമാകണം വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. വാർഡ് കമ്മിറ്റികളാകണം വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത്. ഇതിൽ മേൽഘടകങ്ങളുടെ സമ്മർദം ഉണ്ടാകരുത്. സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള പ്രചാരണം അടക്കമുള്ള മറ്റു സഹായങ്ങൾ മേൽഘടകങ്ങൾ ചെയ്യണം.
കമ്യൂണിസ്റ്റുകാർപോലും ഇടതുഭരണം മടുത്തു. ഇതു മുതലാക്കി വാർഡുതലംമുതൽ കോൺഗ്രസുകാർ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മുഴുവൻ സ്ഥലങ്ങളിലും വിജയിക്കാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷതവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എംപി, ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി, റോയി കെ. പൗലോസ്, ജോയ് തോമസ്, തോമസ് രാജൻ, എ.പി. ഉസ്മാൻ, ജോർജ് ജോസ്ഫ് പടവൻ തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ച് പഞ്ചായത്തുകളിൽനിന്നുള്ള നൂറ്റിരണ്ട് വാർഡ് പ്രസിഡന്റുമാർ ക്യാമ്പിൽ പങ്കെടുത്തു.