തിരുവനന്തപുരം: കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയെങ്കിലും കർഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽനിന്നു കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി കർഷക പോരാട്ടം ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 90കളിൽ കോണ്‍ഗ്രസിന്റെ കൈപിടിച്ച് നിയോലിബറൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതൽക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്.
കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കർഷകരുടെ കണ്ണീരിലും ചോരയിലും കുതിർന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവർന്നെടുത്തപ്പോളാണ് ഇന്നവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കാലങ്ങളായി രാജ്യം ഭരിച്ച, ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോണ്‍ഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കർഷകർ.
രാജ്യത്തിന്റെ നട്ടെല്ലായ കർഷക സമൂഹത്തിന്റെ ആശങ്കകളെ പരിഹരിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ സമരത്തെ അടിച്ചമർത്തുന്ന കാഴ്ചയാണ് കാണുന്നത്.
മർദ്ദനമുറകൾ ഉപയോഗിച്ചു കർഷകരെ നേരിടുകയാണ്. എന്തിനാണ് കർഷകരെ ഭയക്കുന്നത്? അവരുടെ ന്യായമായ ആവശ്യങ്ങൾ ചെവിക്കൊള്ളാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഇനിയെങ്കിലും കർഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സമരം ഒത്തുതീർപ്പാക്കണം.
ക്രിയാത്മകവും ആത്മാർത്ഥവുമായ കൂടിയാലോചനയ്ക്കു കേന്ദ്ര സർക്കാർ തയാറാകണം. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.