കോട്ടയം: ത്രിതല പഞ്ചായത്തിലെ വൻ ജനകീയ അംഗീകാരത്തിനു പിന്നാലെ തുടർ ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി 23ന് കോട്ടയത്ത് എത്തുന്നു.
14 ജില്ലകളിലും സന്ദർശനം നടത്തി തുടർ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോട്ടയത്ത് എത്തുന്നത്.
ചൊവ്വാഴ്ച രാവിലെ കൊല്ലത്തുനിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹത്തിന്റെ നാനാതലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന്റെയും ഭാഗമായാണ് പര്യടന പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയിലെ രാഷ്്ട്രീയ സാമൂഹിക, സാംസ്കാരിക, സമുദായ, മാധ്യമ രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തും. ഭാവി കേരളത്തെക്കുറിച്ചുള്ള ഇടതു മുന്നണിയുടെ കാഴ്ചപ്പാട് രൂപികരിക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രി പര്യടന പരിപാടിയിലൂടെ മുന്നോട്ടു വെക്കുന്നത്.
കോവിഡ് സാഹചര്യത്തിന്റെ പരിമിതിയുള്ളതിനാൽ പ്രത്യേക ക്രമീകരണങ്ങളിലൂടെയാണ് ഓരോ ദിവസവും പര്യടനം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികൾക്ക് എൽഡിഎഫിന്റെ ജില്ലാ യോഗം നേതൃത്വം നൽകും.