കോട്ടയം∙ കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്ക് റോഡടച്ച് സുരക്ഷയൊരുക്കി പോലീസ്. ഇതോടെ നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം.
കെകെ റോഡ്, ഈരയിൽ കടവ് റോഡ്, മണിപ്പുഴ ഗസ്റ്റ് ഹൗസ് റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളെല്ലാം ബാരിക്കേഡും പോലീസ് ജീപ്പും ഉപയോഗിച്ച് അടച്ചാണ് മുഖ്യമന്ത്രിക്ക് പോലീസ് സുരക്ഷ ഒരുക്കിയത്.
ഇതോടെ ജില്ലാ ആശുപത്രിയിലേക്കുള്ള രോഗികളും ജനങ്ങളും പെരുവഴിയിലായി. മുന്നറിയിപ്പ് ഇല്ലാതെയാണ് പോലീസ് വാഹനം നിയന്ത്രിച്ചത്.
രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജോലിക്കെത്തിയവർ ഉൾപ്പെടെ പ്രതിസന്ധിയിലായി.
കാൽ നടയാത്രക്കാർക്ക് പോലും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. മരുന്നുവാങ്ങാൻ എത്തിയ രോഗിയെ പോലും റോഡിൽ തടയുന്ന സ്ഥിതിയാണ് കോട്ടയത്ത് അരങ്ങേറിയത്.
റോഡരുകിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പോലീസ് നീക്കി.ഗസ്റ്റ് ഹൗസിന് സമീപത്തുനിന്ന് മധ്യമ പ്രവർത്തകരെ വരെ മാറ്റി നിർത്തിയാണ് പോലീസ് സുരക്ഷ ഒരുക്കിയത്.
ഗസ്റ്റ് ഹൗസിന് സമീപത്ത് താമസിക്കുന്ന കുടുംബത്തെ പോലും പോലീസ് വഴി തടയുന്ന കാഴ്ചയാണ് ഉണ്ടായത്.
കോട്ടയം ജില്ലയ്ക്കു പുറത്തുനിന്നുവരെ പോലീസിനെ എത്തിച്ചാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്.