തിരുവനന്തപുരം: ഈ മാസം 20ന് സത്യപ്രതിജ്ഞ നടത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇടതു മുന്നണിയിൽ പുരോഗമിക്കുന്നു. ഇന്ന് ഉഭയ കക്ഷി ചർച്ച വീണ്ടും ആരംഭിക്കും.
സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും എൻസിപി, ജെഡിഎസ് എന്നീ കക്ഷികളുമായി ആദ്യഘട്ട ചർച്ചയും നടക്കും.
21 അംഗ മന്ത്രിസഭ എന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ധാരണയിലെത്തിയിരുന്നു. ജെഡിഎസിനും എല്‍ജെഡിക്കും കൂടി മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നും ഇരുപാര്‍ട്ടികളും ലയിക്കണമെന്നുമാണ് സിപിഎം നിർദേശം.
കഴിഞ്ഞ മന്ത്രിസഭയിലുള്ളവർ മാറി നിൽക്കണമെന്നാണ് സിപിഎം മുന്നോട്ടു വച്ച നിർദേശം. അതേ സമയം പുതുതായി മുന്നണിയിലെത്തിയ കക്ഷികളിൽ കേരള കോൺഗ്രസിന് മാത്രം മന്ത്രി സ്ഥാനം ലഭിച്ചേക്കും.
ഒറ്റ അംഗമുള്ള കക്ഷികളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.
പത്തനാപുരത്തു നിന്ന് വിജയിച്ച കെ.ബി ഗണേഷ് കുമാറും തിരുവനന്തപുരത്തു നിന്ന് വിജയിച്ച ആന്റണി രാജുവും മന്ത്രിമാരായേക്കും.
കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രി സ്ഥാനത്തു നിന്ന് മാറി നിന്നാൽ ആ സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിനോ കേരള കോണ്‍ഗ്രസ് (ബി)യ്ക്കോ ലഭിക്കും.
എന്‍സിപിക്കും ജെഡിഎസിനും ഓരോ മന്ത്രിസ്ഥാനം ലഭിക്കുമെങ്കിലും ഐഎൻഎല്ലിനു ലഭിക്കാൻ സാധ്യതയില്ല. സിപിഎം വിട്ടുകൊടുക്കുന്ന മന്ത്രി സ്ഥാനവും സിപിഐ വിട്ടുകൊടുക്കുന്ന ചീഫ് വിപ്പ് പദവിയും കേരളാ കോൺഗ്രസിനു ലഭിച്ചേക്കും.
തന്നെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച കോവൂർ കുഞ്ഞുമോന് മുന്നണിയുടെ ഭാഗമല്ലാത്തതിനാൽ മന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. കക്ഷി ചർച്ചകൾക്കുശേഷം മന്ത്രിമാരുടെ കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും.