റെനീഷ് മാത്യു
കണ്ണൂർ: ഘടകകക്ഷികളായ എൽജെഡിക്കും കോണ്ഗ്രസ് എസിനും ഇത്തവണ മന്ത്രിസ്ഥാനം നൽകാൻ സാധ്യത ഇല്ലാത്തതിനാൽ കണ്ണൂരിൽ മന്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ടാകും.
കഴിഞ്ഞ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നും അഞ്ചുപേർ ഉണ്ടായിരുന്നു. കോണ്ഗ്രസ് എസിൽ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും എൽജെഡിയിൽ നിന്നും കെ.പി.മോഹനനും ഇത്തവണ മന്ത്രി സ്ഥാനം ലഭിക്കുന്നില്ലെന്നാണ് സൂചന.
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു കടന്നപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ എൽജെഡിയിൽ കെ.പി. മോഹനൻ മാത്രമേ ജയിച്ചിട്ടുള്ളൂ.
അതിനാൽ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. കണ്ണൂരിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.കെ.ശൈലജയും എം.വി. ഗോവിന്ദനും മന്ത്രി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
കെ.ടി.ജലീലിന് ഇത്തവണ മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ തലശേരിയിൽ നിന്നും രണ്ടാം തവണയും വിജയിച്ച എ.എൻ.ഷംസീറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്.
ഷംസീറിൻറെ പേര് ഇതിനകം തന്ന മന്ത്രിമാരുടെ സാധ്യത പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അടുപ്പവും ഷംസീറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം.
കഴിഞ്ഞ മന്ത്രി സഭയിൽ ഏറ്റവും കൂടുതൽ ആരോപണവിധേയനായ കെ.ടി.ജലീൽ മന്ത്രി സ്ഥാനത്തേക്ക് വരുന്നതിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും സിപിഎമ്മിലെ ഒരു വിഭാഗത്തിനും ശക്തമായ എതിർപ്പുണ്ട്.
ആരോപണങ്ങൾ ഒന്നൊന്നായി ഉയർന്നപ്പോഴും മന്ത്രി കെ.ടി.ജലീൽ അവസാന നിമിഷം മാത്രം രാജിവച്ചതിലും സിപിഎമ്മിൽ അമർഷമുണ്ടായിരുന്നു.
ബന്ധുനിയമനത്തിൻറെ പേരിൽ മന്ത്രി ഇ.പി. ജയരാജന്റെ ഉടനെയുള്ള രാജിയും കെ.ടി.ജലീലിന്റെ വൈകിയുള്ള രാജിയും സിപിഎമ്മിൽ പഴയ വി.എസ് ഗ്രൂപ്പ് സംഘടിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.