മുംബൈ: ഇന്ത്യയുടെ മതേതരത്വം തകർത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന്റെ ഭാഗമായി മുംബൈയിലെ നരിമാൻ പോയിന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളനിവാഴ്ചയ്ക്കെതിരേയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. അന്നു കോളനിവാഴ്ചയെ പിന്തുണച്ചവർക്കെതിരേയാണ് ഇപ്പോൾ രാജ്യത്തു പ്രതിഷേധം നടക്കുന്നത്. കോളനിവാഴ്ചക്കാലത്തു ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ചുനിർത്താനാണു ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നത്. ഇന്നു രാജ്യത്തെ വർഗീയശക്തികൾ, അവരുടെ യജമാനൻമാർ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമപരമായി പോരാടുക, നിയമസഭയിൽ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുക എന്നിവയാണ് ഈ കരിനിയമത്തിനെതിരെ ചെയ്യാനാവുക. ഇതു മുന്നും കേരളം ചെയ്തുകഴിഞ്ഞെന്നും മറ്റു സംസ്ഥാനങ്ങൾ ഇതു മാതൃകയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.