തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വ്യാഴാഴ്ച പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. ഹെലിക്കോപ്റ്റർ മാർഗമാണ് ഇരുവരും മൂന്നാറിലെത്തുക. കരിപ്പൂരിലും ഗവർണർക്കൊപ്പമാണു മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നത്.
രാവിലെ ഒന്പതിനു മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും പുറപ്പെടും. മൂന്നാറിലെ ആനച്ചാലിൽ ഹെലിക്കോപ്ടറിൽ ഇറങ്ങുന്ന ഇവർ അവിടെ നിന്ന് അപകട സ്ഥലത്തേക്കു പോകും.
കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. നിലവിൽ പ്രശ്നങ്ങളില്ലെന്നാണു റിപ്പോർട്ട്. പ്രതികൂല കാലവസ്ഥയാണെങ്കിൽ യാത്ര മാറ്റിവെക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ദുരന്തഭൂമിയിൽ മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ കാലാവസ്ഥ പ്രശ്നങ്ങളും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും കാരണമാണ് അപകടം നടന്നയുടൻ പ്രദേശം സന്ദർശിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.