കൂത്തുപറമ്പ്: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന പിണറായി എകെജി ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഇദിരിസിന് പഠനത്തിന് സ്വന്തമായി ഫോൺ ആയി.
പിണറായി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഇദിരിസിന് ഫോൺ വാങ്ങിച്ചു കൊടുത്തത്.ഇനി ഇദിരിസ് ആരാണെന്ന് അറിയണ്ടേ.
എന്നും കാലത്ത് പത്രവുമായി പിണറായി ഗ്രാമം ചുറ്റുന്ന മിടുക്കൻ. നാല് 4 വർഷത്തോളമായി പത്രവിതരണം നടത്തുന്നു. ഉപ്പയ്ക്കും പത്ര വിതരണ ജോലിയായിരുന്നു.
ഉപ്പ മരണപെട്ടപ്പോൾ സഹോദരി ഷദ ആ ജോലി ഏറ്റെടുത്തു. അങ്ങനെ ആണ് ഇദിരിസും കൂട്ടുപോയി പത്രവിതരണത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു.
സഹോദരി പത്താം ക്ലാസിൽ എത്തിയപ്പോൾ പത്ര വിതരണം നിർത്തി. പിന്നീട് ഇദിരിസ് ആ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു.
എന്നും രാവിലെ പത്രവുമായി സ്റ്റേഷൻ കടന്നുവരുന്ന ഇദിരിസ് പോലീസുകാരുടെയൊക്കെ സ്നേഹവും പിടിച്ചുപറ്റി. പത്രം നൽകുന്നതിനിടയിൽ വിശേഷങ്ങൾ പങ്കുവെച്ച് പത്രം കൊടുക്കാനുള്ള ധൃതിയിൽ വേഗം കടന്ന് പോകും ഇദിരിസ്.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം ജിഡി ചാർജ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ പ്രാജോഷ് ബാബു സഹപ്രവർത്തകരായ രൂപേഷിനോടും രജീഷിനോടുമൊക്കെ ഇദിരിസിന്റെ പഠനത്തിന് ഒരു ഫോൺ ഇല്ലാത്തത്തിന്റെ സങ്കടം പറഞ്ഞത്.
അന്ന് തന്നെ രൂപേഷ് സ്റ്റേഷൻ ഗ്രൂപ്പിൽ ഈ കാര്യം പോസ്റ്റ് ചെയ്തു. പിണറായി പോലീസ് സ്റ്റേഷൻ ആരംഭിച്ചിട്ട് മൂന്നാമത്തെ വാർഷിക ദിനമായ ഇന്നലെ ലളിതമായ ചടങ്ങിൽ സ്റ്റേഷനിൽ വെച്ച് സ്റ്റേഷൻ എസ്ഐ ബാലകൃഷ്ണൻ ഇദിരിസിന് സ്റ്റേഷനിലെ പോലീസുകാർ കൂട്ടായ്മയിൽ വാങ്ങിയ സ്മാർട്ട് ഫോൺ കൈമാറി.
എഎസ്ഐ പ്രജോഷ് അദ്ദേഹത്തിന്റെ വകയായി ഇദിരിസിന് ഒരു ഡിക്ഷണറിയും സമ്മാനിച്ചു.