കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ “മുണ്ടുടുത്ത മോദി’ എന്ന് സിപിഐ എക്സിക്യൂട്ടീവില്‍ വിശേഷിപ്പിച്ച സത്യന് മൊകേരിക്കെതിരെ മൊകേരിയില്‍ പോസ്റ്ററുകള്‍. പിണറായി വിജയനെതിരെ വായ തുറക്കാനുള്ള യോഗ്യത സത്യന് മൊകേരിക്കില്ലെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പിണറായി വിജയനെ “മുണ്ടുടുത്ത മോദി’ എന്ന് സത്യന് മൊകേരി വിശേഷിപ്പിച്ചത്. ഇതിനെതിരെ ഇന്നലെ രാവിലെ തന്നെ മൊകേരി ടൗണിലും മറ്റുമായി നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ രൂക്ഷമായ ഭാഷയില്‍ സത്യനെ വിമര്‍ശിക്കുന്ന പോസ്റ്ററില്‍ സിപിഐക്കെതിരെയും പരാമര്‍ശമുണ്ട്. കൂടെ നടന്നു വഞ്ചിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
സത്യന് മൊകേരിയുടെ പരാമര്‍ശം വാര്‍ത്തയായതോടെ തന്നെ പ്രദേശത്തെ മുന്നണിയില്‍ മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഏറെ സ്വാധീനമുള്ള മേഖല കൂടിയായ മൊകേരിയില്‍ സിപിഐയ്ക്കെതിരെ പരസ്യമായി രംഗത്തുവരാന്‍ സിപിഎം ഇതുവരെ തയാറായിട്ടുമില്ല. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്നം പുകയുന്നുണ്ടെങ്കിലും പരസ്യപ്രസ്താവനകളൊന്നും ഇതു വരെ വന്നിട്ടില്ല. എന്നാല്‍ സൈബര്‍ ലോകത്ത് വിഷയം വന്‍ ചര്‍ച്ചയായിട്ടുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്ക്കുന്ന സിപിഎമ്മിനോട് നന്ദി കാണിക്കാത്തവരാണ് സിപിഐ എന്ന തരത്തിലാണ് സൈബര്‍ പോരാളികള്‍ സത്യന് മൊകേരിയെയും സിപിഐയെയും നേരിടുന്നത്. സിപിഎം പ്രതിരോധത്തിലാകുമ്പോള്‍ സിപിഐ അനങ്ങാറില്ലെന്നും സൈബര്‍ പോരാളികള്‍ പറയുന്നു. അതേസമയം സംഭവത്തോട് പ്രതികരിക്കുന്നില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന് പറഞ്ഞു.