തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പോലീസിലെ ചില ഉന്നതർ ആർഎസ്എസിന്റെ ഒറ്റുകാരായി പ്രവർത്തിച്ചുവെന്ന് വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി ഈ വിമർശനം ഉന്നയിച്ചുവെന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലാണ് വാർത്തകൾ വളച്ചൊടിക്കുന്നത്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ ആർഎസ്എസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരെങ്കിലും വിമർശനം ഉന്നയിക്കുമോ. താൻ ഇത്തരമൊരു വിമർശനം ഉന്നയിച്ചുവെന്ന വാർത്തകൾ ശുദ്ധകളവാണ്. പോലീസുകാരുടെ യോഗത്തിൽ പോലീസിന്റെ ചില നടപടിയെ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ മാധ്യമങ്ങൾ പറഞ്ഞപോലുള്ള കാര്യങ്ങളൊന്നും താൻ പറഞ്ഞതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരു പ്രശ്നമുണ്ടായപ്പോൾ മുതലെടുക്കാനാണ് ചിലരുടെ ശ്രമം. പിഎസ്സി പരീക്ഷകളുടെ വിശ്വാസ്യത സംശയിക്കേണ്ട കാര്യമില്ല. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.