പുതുപ്പള്ളി: ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പുതുപ്പളളിയിലെത്തും.
വൈകിട്ട് നാലിന് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നത്തും നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ഉൾപ്പെടെയുള്ള വിവിധ വിവാദങ്ങളിൽ തുടരുന്ന മൗനം പുതുപ്പള്ളിയിൽ വെടിയുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
മന്ത്രിമാരുടെ നേതൃത്വത്തിൽ ഇടതുസ്ഥാനാർഥിക്കുവേണ്ടിയുള്ള പ്രചാരണ പരിപാടിക്കും ഇന്നലെ തുടക്കമായി. വാകത്താനത്ത് മന്ത്രി പി. രാജീവും കണ്ണന്‍ചിറയില്‍ മന്ത്രി കെ. രാധാകൃഷ്ണനും തോട്ടയ്ക്കാട് മന്ത്രി ആന്റണി രാജുവും കുരോപ്പടയില്‍ മന്ത്രി മുഹമ്മദ് റിയാസും പാമ്പാടിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാലും വെള്ളൂരില്‍ മന്ത്രി എം.ബി. രാജേഷും മീനടത്ത് മന്ത്രിമാരായ പി. പ്രസാദും വീണജോര്‍ജും ഏ.കെ. ശശീന്ദ്രനും വികസന സന്ദേശ സദസുകളില്‍ പങ്കെടുത്തു.
ജെയ്ക്കിന്റെ തുറന്ന വാഹനത്തിലുള്ള പൊതുപര്യടനത്തിനു നാളെ മണര്‍കാട് തുടക്കമാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്യും.
എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച വികസന സംവാദ സദസില്‍ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും പുതുപ്പള്ളിയില്‍ എംഎല്‍എ ഓഫീസ് തുടങ്ങുമെന്നും പുതുപ്പള്ളി ലൈവ് എന്ന പേരില്‍ നടന്ന സംവാദത്തില്‍ സ്ഥാനാര്‍ഥി പറഞ്ഞു.ഇന്നു രാവിലെ പാമ്പാടി, വാകത്താനം, കുരോപ്പട എന്നിവിടങ്ങളിലാണു പര്യടനം.