ജിബിന്‍ കുര്യന്
കോട്ടയം: മകള്‍ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ മൗനം വെടിയുമോ എന്ന് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 24നാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തുന്നത്.
24ന് ഉച്ചയ്ക്ക് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.
പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ ആരോപണങ്ങള്‍ക്കു മറുപടി പറയുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംഷയോടെ നേക്കുന്നത്.
എന്നാല്‍ മാസപ്പടി വിവാദത്തില്‍ ഇനി അഭിപ്രായം പറയേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനമുള്ളതിനാല്‍ മുഖ്യമന്ത്രി പ്രതികരിക്കില്ലെന്നും പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയേണ്ട സാഹചര്യമില്ലെന്നുമാണ് മണ്ഡലത്തിലെ പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന സിപിഎമ്മിന്റെ പ്രമുഖ നേതാവ് രാഷ് ട്രദീപികയോടു പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രമായിരിക്കും മുഖ്യമന്ത്രി സംസാരിക്കുക. കാരണം പുതുപ്പള്ളിയില്‍ വികസനമാണ് ചര്‍ച്ചാ വിഷയമെന്നും മറിച്ച് വിവാദങ്ങളല്ലെന്നും ഉന്നത നേതാവ് പറഞ്ഞു. രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി 31നും സെപ്റ്റംബര്‍ ഒന്നിനും മുഖ്യമന്ത്രി മണ്ഡലത്തിലെത്തുന്നുണ്ട്.
15 മന്ത്രിമാരും പുതുപ്പളളിയിലേക്ക്
പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭയിലെ 15ലധികം മന്ത്രിമാരും പുതുപ്പളളിയിലേക്ക്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി കെ. രാധാകൃഷ്ണന്, വനിതാ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, ഡോ. ആര്. ബിന്ദു എന്നിവര്‍ ഇന്നു മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളിലും വികസന സദസുകളിലും പങ്കെടുക്കും.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മന്ത്രിമാരെ കൂട്ടത്തോടെ മണ്ഡലത്തില്‍ എത്തിക്കേണ്ടെന്ന തീരുമാനമാണ് സിപിഎം സ്വീകരിച്ചിരുന്നത്.
മന്ത്രിമാര്‍ എത്തിയാല്‍ ജനം പ്രതികരിക്കുമെന്നും മന്ത്രിമാര്‍ക്ക് പൊതുജനത്തെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നും തരത്തില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചതോടെയാണ് സിപിഎം തന്ത്രം മാറ്റിയത്.
മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ്, കെ. രാജന്, ജി.ആര്. അനില്‍, ആന്റണി രാജു, വീണ ജോര്‍ജ് തുടങ്ങിയവര്‍ അടുത്ത ദിവസം എത്തും.
മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കണം; പ്രാദേശികനേതാക്കൾക്ക് സർക്കുലർ
മുഖ്യമന്ത്രി പിണറായി വിജയന് പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തുമ്പോള്‍ പൊതുസമ്മേളനത്തില്‍ പങ്കടുക്കേണ്ട ആളുകളടെ എണ്ണത്തിനു ക്വാട്ട നിര്‍ദേശിച്ച് സിപിഎം. സിപിഎം പുതുപ്പള്ളി തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയേറ്റംഗവുമായ കെ.എം. രാധാകൃഷ്ണനാണ് എല്ലാ മേഖലാ കമ്മറ്റി ചാര്ജുകാര്ക്കും ലോക്കല്‍ സെക്രട്ടറിമാര്‍ക്കും സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
24ന് പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പങ്കെക്കുന്ന പൊതുസമ്മേളനത്തില്‍ പുതുപ്പള്ളി മേഖലയില്‍ നിന്നും 2500 പേരും വാകത്താനം മേഖലയില്‍ നിന്നും 500 പേരെയും പങ്കെടുപ്പിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
അയര്‍ക്കുന്നത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ അയര്‍ക്കുന്നം മേഖലയില്‍നിന്ന് 2500 പേരെയും പൂവത്തിളപ്പില്നിന്ന് മറ്റക്കരയില്‍ നിന്നും 500 വീതം പേരെ പങ്കെടുപ്പിക്കണമെന്നും പറയുന്നു.