പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പില്‍ മുന്നണികളുടെ വീറും വാശീയുമേറിയ പോരാട്ടം അവസാന ലാപ്പിലേക്ക്. അടുത്ത ഞായറാഴ്ച പരസ്യ പ്രചാരണം അവസാനിക്കും.
അവസാന ലാപ്പില്‍ പ്രചാരണത്തില്‍ മുന്നേറുന്നതിനൊപ്പം എല്ലാ വോട്ടുകളും നേടിയെടുക്കാനുള്ള സകല അടവുകളും തന്ത്രങ്ങളുമായി സ്ഥാനാര്‍ഥികൾ രംഗത്തെത്തിയതോടെ പ്രചാരണം കൊഴുക്കുകയാണ്. ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിലായി പ്രചാരണത്തിന്റെ കലാശക്കൊട്ടും നടക്കും.
എല്‍ഡിഎഫ് പ്രചാരണത്തെ ആവേശത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വീണ്ടും മണ്ഡലത്തില്‍ എത്തും. ഇന്നു വൈകുന്നേരം നാലു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിനു മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിലും പ്രസംഗിക്കും.
തിരുവോണ ദിവസമായ ഇന്നലെ പരസ്യ പ്രചാരണത്തിന് ഇടവേളയായിരുന്നു. നാളെ ശ്രീനാരായണ ഗുരജയന്തി പ്രമാണിച്ച് അവധിയാണ് മറ്റന്നാള്‍ മുതല്‍ അവസാനവട്ട പര്യടനം സ്ഥാനാര്‍ഥികള്‍ ആരംഭിക്കും.ആഘോഷദിവസങ്ങളിലും സ്ഥാനാര്‍ഥികള്‍ക്കു വിശ്രമമില്ലായിരുന്നു.
സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ വോട്ടുതേടല്‍ തുടര്‍ന്നു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടനകളെയും കൂടെനിര്‍ത്താനുള്ള ശ്രമങ്ങളുമുണ്ടായി.വോട്ടര്‍പ്പട്ടിക പരിശോധിച്ച് സാധ്യതാവോട്ടുകള്‍ വിലയിരുത്താനുള്ള നീക്കത്തിലായിരുന്നു പ്രവര്‍ത്തകര്‍. പുതുപ്പള്ളിയിലെത്തിയ പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം ഞായറാഴ്ചയോടെ മടങ്ങി.
ഇന്നും നാളെയുമായി എല്ലാവരും വീണ്ടുമെത്തും. മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് നടക്കുക.
മുന്നണികള്‍ മണര്‍കാട് ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നിനുമുമ്പ് പൂര്‍ത്തിയാക്കാനും തീര്‍ഥാടകര്‍ക്ക് അലോസരമുണ്ടാക്കാതിരിക്കാനുമുള്ള മുന്നൊരുക്കത്തിലാണ്.
ദേശീയ നേതാക്കളെ അടക്കം എത്തിച്ചു പ്രചാരണം കൂടുതല്‍ ആവേശത്തിലാക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ. ആന്റണി, ശശി തരൂര്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരെത്തും.
ഒന്നിനു വൈകിട്ട് അഞ്ചിന് അയര്‍ക്കുന്നത്തും ആറിനു പുതുപ്പള്ളിയിലും എ.കെ. ആന്റണി പ്രസംഗിക്കും. രണ്ടിനു ശശി തരൂര്‍ എംപി പാമ്പാടിയില്‍ റോഡ്ഷോ നടത്തും.
എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്ലാലിന്റ അെവസാനഘട്ടപ്രചാരണം നയിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും വി. മുരളീധരനും എത്തും. രാജീവ് ചന്ദ്രശേഖരന് ഇന്നു മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണത്തിന്റെ ഭാഗമായെത്തും.