സ്വന്തം ലേഖകൻ
തൃശൂർ: രഹസ്യ ചർച്ചയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെ രഹസ്യ കേന്ദ്രത്തിൽ. പത്തുപേരടങ്ങുന്ന ചിലരുമായി രണ്ടര മണിക്കൂറാണു രഹസ്യ ചർച്ച നടത്തിയത്. കണ്ണൂരിൽനിന്നുള്ള ചില സിപിഎം നേതാക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി തൃശൂരിൽ താമസിക്കാറുള്ള സർക്കാരിന്റെ അതിഥിമന്ദിരമായ രാമനിലയത്തിലോ വിശാല സൗകര്യങ്ങളുള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലോ കൂടിക്കാഴ്ച നടത്താതെ ഒരു ഫ്ളാറ്റിലാണു രഹസ്യ കൂടിക്കാഴ്ച നടന്നത്.
തൃശൂർ നന്പൂതിരി വിദ്യാലയത്തിന് അരികിലുള്ള കെഎൻപി ശിവപുരി എന്ന ഫ്ളാറ്റ് സമുച്ചയമാണ് കൂടിക്കാഴ്ചയ്ക്കു വേദിയായത്. ഫ്ളാറ്റിന്റെ പണി ഏറെക്കുറെ പൂർത്തിയായെങ്കിലും താമസക്കാർ ആരുമില്ലാതെ പൂട്ടിക്കിടക്കുകയാണ്. ഫ്ളാറ്റിന്റെ ഉടമയായ വാണിജ്യ പ്രമുഖനാണ് കൂടിക്കാഴ്ചയ്ക്ക് ഇവിടെ സ്ഥലമൊരുക്കിയത്. ഇന്നലെ രാവിലെ 11 നു ഫ്ളാറ്റിലെത്തിയ മുഖ്യമന്ത്രിയും കൂടിക്കാഴ്ചയ്ക്ക് എത്തിയവരും ഉച്ചയ്ക്ക് ഒന്നരയോടെയാണ് പിരിഞ്ഞത്.
മുഖ്യമന്ത്രിയുടെ കാർ ഫ്ളാറ്റ് കെട്ടിടത്തിലേക്കു കയറ്റിയെങ്കിലും പാർക്കു ചെയ്തത് ആരും ശ്രദ്ധിക്കാത്ത വിധത്തിലായിരുന്നു. എസ്കോർട്ട് സംഘവും അവരുടെ വാഹനങ്ങളും ഫ്ളാറ്റിലേക്കു പ്രവേശിക്കാതെ ദൂരെയാണു പാർക്കു ചെയ്തത്. ഇടുങ്ങിയ റോഡുകളിൽ ഗതാഗതതടസമുണ്ടാകാതിരിക്കാനെന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ദൂരേയ്ക്കു മാറി പാർക്കു ചെയ്തത്. ഫ്ളാറ്റിനു ചുറ്റും മഫ്ടിയിൽ പോലീസുകാർ സജ്ജരായിരുന്നു.
ഫ്ളാറ്റിനു തൊട്ടരികിലാണു സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ്. രാവിലെ തൃശൂരിലെത്തിയ മുഖ്യമന്ത്രി രാമനിലയത്തിലാണു വിശ്രമിച്ചത്. ഫ്ളാറ്റിലെ കൂടിക്കാഴ്ചയ്ക്കുശേഷവും രാമനിലയത്തിലേക്കാണു തിരിച്ചുപോയത്. വൈകുന്നേരം തൃശൂരിലെ നിശാ വാണിജ്യോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചശേഷമാണ് മുഖ്യമന്ത്രി തൃശൂർ വിട്ടത്. തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരിലും തലശേരിയിലും ഉണ്ടായിരുന്നു.