കായംകുളം: സെൽഫിയെടുക്കാൻ കൈക്ക് പിടിച്ച വിദ്യാർഥിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ, സിപിഎം കായംകുളം ഏരിയാകമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ നടപടി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ നേതാക്കൾക്കുമൊപ്പം മുഖ്യമന്ത്രി പാർട്ടി ഓഫീസിൽനിന്നു പുറത്തുവരവെ, മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി കായംകുളം ബോയ്സ് സ്കൂളിലെ വിദ്യാർഥികൾ ഓഫീസിനു മുന്നിലെത്തി. നേതാക്കൻമാർക്കൊപ്പം ഫോട്ടോ എടുത്തശേഷം അനുവദിക്കാമെന്ന് ഇവരെ അറിയിച്ചു.
പാർട്ടി ഓഫീസിനു പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രി ഇവരോടു സമീപത്തേക്കു വരാൻ പറഞ്ഞു. ഇതിനിടെ വിദ്യാർഥികളിൽ ഒരാൾ മുഖ്യമന്ത്രിയുടെ കൈ പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഭാവം മാറി. മുഖ്യമന്ത്രി വിദ്യാർഥിയുടെ കൈ തട്ടിമാറ്റി. പിന്നീട് വിഷമിച്ചുനിന്ന വിദ്യാർഥിയുടെ മൊബൈൽ ഫോണ് വാങ്ങി മറ്റൊരാളെക്കൊണ്ട് വിദ്യാർഥിയെ ഒപ്പംനിർത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ മുഖ്യമന്ത്രി അനുവദിച്ചു.
ഭയന്നുനിന്ന വിദ്യാർഥിയോട് ചിരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫോട്ടോ കിട്ടിയോ എന്ന് ആരാഞ്ഞശേഷം വിദ്യാർഥിയെ ആശ്വസിപ്പിച്ച്, ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി വിദ്യാർഥിയെ പറഞ്ഞയയ്ക്കുകയും ചെയ്തു.