എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ വിദ്യാർഥി അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ കന്റോണ്മെൻറ് എസി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കന്റോണ്‍മെന്റ് സിഐയുടെ കീഴിൽ പത്തംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വധശ്രമം അടക്കം വിവിധ വകുപ്പുകൾ ചേർത്താണ് കന്റോണ്മെൻറ് പോലീസ് യൂണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം അടക്കം ഏഴുപേർക്കെതിരെ എഫ്.ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തിരിക്കുന്നത്.
തലസ്ഥാനത്തെ പാർട്ടി കോട്ടയായ യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെ ഉണ്ടായ അനിഷ്ടസംഭവത്തിൽ കടുത്ത അമർഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തിടെ യൂണിവേഴ്സിറ്റി കോളജുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഇന്നലത്തെ സംഭവത്തിൽ ഒരു തരത്തിലുമുള്ള സംരക്ഷണം പാർട്ടിയോ സർക്കാരോ പ്രതികൾക്ക് നൽകരുതെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കുത്തേറ്റ അഖിൽ എസ്എഫ്.ഐ പ്രവർത്തകനും അഖിലിന്റെ കുടുംബം പാർട്ടി കുടുംബവുമാണ്.
മുഖ്യമന്ത്രിയുടെ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എംഎൽഎ വി ശിവൻകുട്ടി, മുൻ മേയർ സി. ജയൻബാബു എന്നിവർ അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്ന മെഡിക്കൽകോളേജിലെത്തുകയും പ്രതികളെ സംരക്ഷിക്കില്ലെന്ന ഉറപ്പ് അഖിലിന്റെ കുടുംബത്തിന് നൽകിയതും. സംഭവം വ്യക്തിപരമായ വിഷയമാണെന്നും അതിൽ ഒരു തരത്തിലുമുള്ള സംരക്ഷണം പാർട്ടിയോ സർക്കാരോ പ്രതികൾക്ക് നൽകില്ലെന്ന ഉറപ്പ് ബന്ധുക്കൾക്ക് നൽകിയതും.
പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ തല്ലിയ കേസിലെ പ്രതിയാണ് നസീം. ഇയാൾക്കെതിരെ വ്യാപക പരാതിയാണ് വിദ്യാർഥികൾ സിപിഎം ജില്ലാ നേതൃത്വത്തിനും പ്രിൻസിപ്പലിനും നൽകിയിരിക്കുന്നത്. അടിയുറച്ച എസ്എഫ്ഐ,ഡിവൈഎഫ്.ഐ പ്രവർത്തകരാണ് ഇന്നലെത്തെ സംഭവത്തിൽ ആദ്യം കോളജ് യൂണിറ്റിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയത്. യൂണിറ്റ് കമ്മറ്റി പിരിച്ചുവിടണമെന്നും പ്രതികളെ അറസ്റ്റു ചെയ്യണമെന്നുമുള്ള മുദ്രാവാക്യവുമായി റോഡിലേക്ക് പെണ്‍കുട്ടികളടക്കം ഇറങ്ങിയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി സിപിഎം എസ്ഫ്ഐ നേതൃത്വങ്ങൾ.
പാർട്ടിയുടെ ഉരുക്കു കോട്ടയെന്ന് അറിയപ്പെടുന്ന യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഉയർന്ന പ്രതിഷേധാഗ്നി ആളിപ്പടരാതിരിക്കാൻ ഉടൻ ഇടപെടേണ്ട അവസ്ഥ സിപിഎമ്മിനുണ്ടായി. സംഭവം അറിഞ്ഞയുടൻ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഉത്തരവിടുകയും ചെയ്തു. സംഭവം പാർട്ടിയ്ക്കും എസ്എഫ്ഐക്കും ഉണ്ടാക്കിയിരിക്കുന്ന ചീത്തപ്പേര് അത്രയ്ക്ക് വലുതാണ്. ഇതിൽ നിന്ന് കരകയറാൻ പ്രതികളെ കൈവിടാതെ വേറെ വഴിയില്ലാത്ത അവസ്ഥയിലായി.
പ്രതികളെ സംരക്ഷിച്ചാൽ വീണ്ടും തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പ് പെണ്‍കുട്ടികളടക്കമുള്ള എസ് എഫ്ഐ പ്രവർത്തകർ തന്നെ നൽകിയിരിക്കുകയാണ്. പാർട്ടി കോട്ട തകരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്ന നിർദ്ദേശവും പിന്നാലെ പോലീസിന് ലഭിച്ചു. പ്രതികളെ എവിടെ കയറിയും പിടികൂടാമെന്നും ഒരു തരത്തിലുമുള്ള സംരക്ഷണം അവർക്ക് നൽകില്ലെന്നും ജില്ലാ നേതൃത്വവും പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലേയും ഇന്നു പുലർച്ചേയും പ്രതികളുടെ വീടുകൾ, ബന്ധുവീടുകൾ അടക്കമുള്ള സ്ഥലങ്ങളിൽ വ്യാപക പരിശോധനയാണ് കന്റോണ്മെൻറ് എസിയുടെ നേതൃത്വത്തിൽ നടന്നത്. പാർട്ടി സംരക്ഷണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രതികൾ കീഴടങ്ങാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ കണ്ടെത്താൻ ഇവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സൈബർ പോലീസ് ആരംഭിച്ചിട്ടുണ്ട്.
അഖിലിനെ കുത്തിയവർ പോലീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പോലീസ് കോണ്‍സ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ.
നേരത്തെ പാളയത്ത് ട്രാഫിക് പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം. പോലീസുകാരനെ തെരുവിൽ ആക്രമിച്ച പ്രതി തന്നെ പോലീസിലേക്ക് കടന്നുവരുന്നുവെന്നതാണ് വിരോധാഭാസം. ക്രിമിനൽ കേസിലെ പ്രതി പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് ഉന്നത സ്വാധീനത്തിലാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.