കോന്നി: ആസന്നമായ നിയമസഭ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കോന്നിയിലേക്ക്. കോന്നി വഴി കടന്നുപോകുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന് കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുകയാണ്. രണ്ടു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷം പിഎം റോഡില്‍ കോന്നി മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്തെ ജോലികള്‍ക്ക് ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കുന്നത് ആഘോഷമാക്കുകയാണ് സര്‍ക്കാര്‍.
മന്ത്രി ജി. സുധാകരന് റോഡ് വികസനവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള പ്രത്യേക താത്പര്യം പരാമര്‍ശിച്ച് പ്രസ്താവന നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ജി. സുധാകരനും കെ. രാജുവും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.നാളെ മന്ത്രി കെ.കെ. ശൈലജ കോന്നിയില്‍ എത്തുന്നതും പ്രത്യേകമായ ലക്ഷ്യത്തോടെയാണ്. കോന്നിയില്‍ നിര്‍മാണത്തിലിരിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാനാണ് മന്ത്രി എത്തുന്നത്.
ഇതാദ്യമായാണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രാഥമിക നിര്‍മാണ ജോലികള്‍ പോലും പൂര്‍ത്തീകരിച്ച മെഡിക്കല്‍ കോളജിന്റെ അഡ്മിനിസ്ട്രേഷന് വിഭാഗം ഉദ്ഘാടനം ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് പ്രിന്‍സിപ്പലിനെയും അനുബന്ധ ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയോഗിച്ച് അഡ്മിനിസ്ട്രേഷന് വിഭാഗം ആരംഭിച്ചു.
വിദ്യാര്‍ഥി പ്രവേശനത്തിനുള്ള അനുമതിക്കായി അഖിലേന്ത്യ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കുകയും ചെയ്തതാണ്. എന്നാല്‍ ആശുപത്രി സൗകര്യവും ക്ലാസുകള്‍ക്കുള്ള സൗകര്യവും ലഭിക്കാതെ വന്നതോടെ അനുമതി ലഭിച്ചില്ല. പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടു മതി ക്ലാസുകളെന്ന നിലപാടെടുത്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2020ല്‍ ക്ലാസുകള്‍ തുടങ്ങാമെന്ന് സ്ഥലം സന്ദര്‍ശിച്ച ആരോഗ്യ സെക്രട്ടറി രണ്ടുവര്‍ഷം മുമ്പ് അറിയിക്കുകയുമുണ്ടായി. ഇന്നിപ്പോള്‍ ആശുപത്രിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിന് അനുമതിയും ലഭിച്ചു. തുടര്‍ന്ന് മന്ത്രി നാളെ നടത്തുന്ന സന്ദര്‍ശനത്തോടെ മെഡിക്കല്‍ കോളജ് സംബന്ധിച്ച് ആശാവഹമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നിലായ എല്‍ഡിഎഫിന് കോന്നിയില്‍ അടുത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നിലെത്തണമെങ്കില്‍ ഏറെ പണിപ്പെടണം. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍ തന്നെ തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ട കോന്നി മണ്ഡലത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. 1996 മുതല്‍ അടൂര്‍ പ്രകാശ് പ്രതിനിധീകരിച്ചുവന്ന മണ്ഡലത്തില്‍ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.