എന്നോടോ ബാലാ… പ്രസംഗത്തിനിടെ മുഖ്യമന്ത്രിയ്ക്കു പോയിന്റുകള്‍ പറഞ്ഞുകൊടുത്ത മന്ത്രി എകെ ബാലനോട് മിണ്ടാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ആക്രോശം

pinuതിരുവനന്തപുരം: ചൂടന്‍, ചിരിക്കാത്തവന്‍ തുടങ്ങിയ ഇമേജാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുള്ളത്്. മാധ്യമങ്ങളുടെ ഇഷ്ടതാരവുമാണ് പിണറായി. പിണറായി ഏതു നിമിഷവും കലിപ്പിലാകുന്ന വ്യക്തിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. പാര്‍ട്ടിയിലെ തന്നെ പലരും ഈ ദേഷ്യത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ഇത്തവണ ഇരയായത് മന്ത്രി എ. കെ ബാലനാണ്. മുഖ്യമന്ത്രിയായാലും മന്ത്രി എന്ന നിലയില്‍ തനിക്കുള്ള അനുഭവസമ്പത്ത് ഇല്ലല്ലോ എന്നേ ബാലന്‍ കരുതിയുള്ളൂ. അതുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍ ചില പോയന്റുകള്‍ പറഞ്ഞുകൊടുക്കാന്‍ ബാലന്‍ തുനിഞ്ഞത്. എന്നാല്‍ അതു ബാലനു തന്നെ വിനയാകുകായിരുന്നു.

നിയമസഭയില്‍ ഇന്നലെ ചര്‍ച്ച ചെയ്തവിഷയങ്ങള്‍ പലതും അല്‍പം ചൂടൂകൂടിയവായിരുന്നു. പിന്നെ മുഖ്യമന്ത്രി ചൂടിലായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ. ഇങ്ങനെ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത കസേരയിലിരുന്ന് എ.കെ ബാലന്‍ ചില പോയന്റുകള്‍ പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. എന്നാല്‍ ഇത് പിണറായിക്ക് അത്ര പിടിച്ചില്ല. ബാലനോട് ‘ഹാ അനങ്ങാതിരിക്കൂ’ എന്ന് പറയുകയും ചെയ്തു. ഇതോടെ ബാലന്റെ ഗ്യാസു പോയി.

ഓണായിരുന്ന മൈക്കിലൂടെ ശകാരം കേട്ടതോടെ  സഭ ഒന്നടങ്കം ചിരിയില്‍ മുങ്ങി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മുഖ്യമന്ത്രി പറയുമ്പോഴാണ് സംഭവം. മരണമടഞ്ഞ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി. തലയ്ക്കു ചൂടു പിടിച്ചിരിക്കുമ്പോഴായിരുന്നു ബാലന്‍ പോയിന്റു പറഞ്ഞു കൊടുക്കാന്‍ ചെന്നത്. ബാലന്‍ പറഞ്ഞു കൊടുക്കുന്നത് മൈക്കിലൂടെ സഭ മുഴുവന്‍ കേള്‍ക്കാമായിരുന്നു എന്നതായിരുന്നു ബഹുരസം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇടയ്ക്ക് ഇടപെട്ടു. ബാലന്‍ പറയുന്നതെല്ലാം കേട്ടു തെറ്റിദ്ധരിച്ചു പുതിയ കാര്യമായി മുഖ്യമന്ത്രി ഇതൊന്നും സഭയില്‍ അവതരിപ്പിക്കരുതെന്നും ഏതു സര്‍ക്കാരും ചെയ്യുന്ന കാര്യമാണ് ഇതൊക്കെയെന്നുമാണ് ചെന്നിത്തല പറഞ്ഞത്.  ഇതിനുശേഷം മുഖ്യമന്ത്രി മറുപടി തുടര്‍ന്നപ്പോഴും ബാലന്‍ തന്റെ ‘ഇടപെടലുകള്‍’ നിര്‍ത്തിയില്ല. ഇതോടെ സഹികെട്ട പിണറായി ബാലനോട് പോയിന്റുകള്‍ പറഞ്ഞു തരുന്ന പരിപാടി നിര്‍ത്താന്‍ ദേഷ്യത്തോടെ ആവശ്യപ്പെടുകയായിരുന്നു. സംഭവം അല്‍പം കടുത്തുപോയോ എന്ന തോന്നലില്‍ ചിരിയോടെ അന്തരീക്ഷത്തിന് അയവുവരുത്താനും പി്ണറായി ശ്രമിച്ചു. എന്തായാലും ഈ സംഭവത്തോടെ ഇനി മേലില്‍ ബാലന്‍ ആര്‍ക്കും പോയിന്റ് പറഞ്ഞു കൊടുക്കുമെന്ന് തോന്നുന്നില്ല.

Related posts