സ്വന്തം ലേഖകൻ
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ ടീമിന് ഒരു വർഷം ശന്പളം ഇനത്തിൽ മാത്രം നൽകുന്നത് 79.73 ലക്ഷം രൂപ.
12 പേരാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലുള്ളത്. ടീം ലീഡർ, കണ്ടന്റ് മാനേജർ, സിനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോ -ഓർഡിനേറ്റർ, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ഡെലിവറി മാനേജർ, റിസർച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്രഗേറ്റർ, 2 ഡാറ്റ റിപ്പോസിറ്ററി മാനേജർ, കംപ്യൂട്ടർ അസിസ്റ്റസ്റ്റ് എന്നീ തസ്തികളിലാണ് സോഷ്യൽ മീഡിയ ടീമുള്ളത്.
സോഷ്യൽ മീഡിയ ടീമിന്റെ ലീഡറുടെ പ്രതിമാസ ശന്പളം 75,000. കണ്ടന്റ് മാനേജരുടെ ശന്പളം 70,000. സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർക്ക് 65,000. സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർക്ക് ശന്പളം 65,000. കണ്ടന്റ് സ്ട്രാറ്റജിസ്റ്റിനും 65,000 നൽകണം.
ഡെലിവറി മാനേജർക്ക് 53,200. റിസർച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്രഗ്രേറ്റർ എന്നീ തസ്തികളിൽ ജോലി നോക്കുന്നവരുടെ ശന്പളം 53,000 വീതം.
ഡാറ്റ റിപ്പോസിറ്ററി മാനേജരായി പ്രവർത്തിക്കുന്നത് രണ്ട് പേർ. 45,000 രൂപ വീതമാണ് ഇവരുടെ ശന്പളം. കന്പ്യൂട്ടർ അസിസ്റ്റന്റിനു മാത്രമാണു കുറഞ്ഞ ശന്പളമുള്ളത്. 22, 290 രൂപ.
സംസ്ഥാനത്ത് ഇതുവരെയുള്ള മുഖ്യമന്ത്രിമാരിൽ സോഷ്യൽ മീഡിയ ടീം ഉള്ള ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
മുൻ മുഖ്യമന്ത്രിമാർ പിആർഡിയെയാണ് എല്ലാ കാര്യങ്ങളും ഏൽപിച്ചിരുന്നത്. സർക്കാരിനു വേണ്ടി കണ്ടന്റ് തയാറാക്കലും സർക്കാർ നേട്ടങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതും പിആർഡിയായിരുന്നു.