എന്തു വിലകൊടുത്തും കേരളത്തിലെ നവോത്ഥാന നായകരുടെ ഇടയില്‍ സ്ഥാനം പിടിക്കാനുള്ള പങ്കപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് ഗീര്‍വാണം വിട്ട അതേ പിണറായി തന്നെയാണ് സ്ത്രീ സുരക്ഷയ്ക്കായി മാറ്റിവച്ചിരിക്കുന്ന 50 കോടി രൂപ വനിതാമതിലിനായി ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നത്. പീഡനക്കേസില്‍പ്പെട്ട ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുകളാണ് വനിതാ സംരക്ഷണത്തിനായി മതിലുയര്‍ത്താന്‍ താല്‍പര്യപ്പെടുന്നത്.
എന്നാല്‍ നവോത്ഥാന നായകാനാകന്‍ തുനിഞ്ഞ് ഇറങ്ങിയ പിണറായിക്ക് സത്യം പറയുന്നവരോട് തീരെ താല്‍പ്പര്യമില്ല. അഴിമതിക്കെതിരെ ധീരമായ പോരാട്ടം നടത്തിയ ഡിജിപി ജേക്കബ് തോമസിനെ വീണ്ടും സസ്പെന്റ് ചെയ്ത് പുതിയ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടു നില്‍ക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന സന്ദേശം. വിരമിക്കല്‍ കാലാവധി തീരും വരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസിനെ വീട്ടിലിരുത്താനാണ് നവോത്ഥാന നായകനായ പിണറായിയുടെ ലക്ഷ്യം.
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ മൂന്നാമതും സസ്പെന്‍ഡ് ചെയ്ത് സര്‍വ്വീസ് ചട്ടങ്ങളില്‍ പുതിയ ചരിത്രം രചിക്കുകയാണ് സര്‍ക്കാര്‍. ഇന്നലെ രാത്രിയാണ് ഉത്തരവിറങ്ങിയത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സസ്പെന്‍ഷന്‍. അന്വേഷണത്തിന് കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.
ജേക്കബ് തോമസിന്റെ കഴിഞ്ഞ സസ്പെന്‍ഷന്‍ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു പുതിയ സസ്പെന്‍ഷന്‍ ഉത്തരവ് ഇന്നലെ തന്നെ പുറപ്പെടുവിച്ചത്. ഇതോടെ സസ്പെന്റ് ചെയ്യാന്‍ മാത്രമാണ് ഡ്രജര്‍ വാങ്ങിയ വിഷയം പൊടി തട്ടിയെടുത്തതെന്നതും വ്യക്തമാണ്. സര്‍ക്കാര്‍ ഖജനാവിന് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ അഴിമതിയുടെ പേരില്‍ കേസില്‍ കുടുക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിനൊപ്പമുള്ളവരെ സ്ത്രീ പീഡന കേസില്‍ പെട്ടാല്‍ പോലും സംരക്ഷിക്കുന്ന സര്‍ക്കാരിന്റേതാണ് വിചിത്ര നടപടി.
ഒരു വര്‍ഷം മുന്‍പാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന്റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു അത്. ആറുമാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്പെന്‍ഷന്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തില്‍ക്കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി വേണം. രണ്ടാഴ്ച മുന്‍പ് സസ്പെന്‍ഷന്‍ ആറുമാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് വീണ്ടും സസ്പെന്‍ഷന്‍. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ നീട്ടണമെന്ന് അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജേക്കബ് തോമസിന്റെ ചട്ടലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കമ്മിഷനാണു ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യണമെന്നു സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയയ്ക്കാനാണു സര്‍ക്കാര്‍ തീരുമാനം. അന്വേഷണ കമ്മിഷന്‍ ജേക്കബ് തോമസിനെ പലപ്പോഴായി മൊഴിയെടുക്കാന്‍ വിളിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്നും സസ്‌പെന്‍ഷന്‍ നീട്ടണമെന്നും കമ്മിഷന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. ഓഖിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു പുസ്തകം എഴുതിയതിനുമാണ് അന്വേഷണം.
ഈ വിഷയത്തിലെ സസ്പെന്‍ഷന്‍ പുതിയ പ്രശ്നമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജ്ജിങ് നടത്തിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ജേക്കബ്തോമസിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന വാദവുമായി ജേക്കബ് തോമസിനെ വീണ്ടും സസ്പെന്റ് ചെയ്തത്. യാതൊരു സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിട്ട് ഒരു വര്‍ഷം തികയുന്നുവെന്ന വിമര്‍ശനം പൊതു സമൂഹം ഉയര്‍ത്തിയിരുന്നു.
സ്വോഡ് ഓഫ് ഓണര്‍ നേടി ഐപിഎസ് പരിശീലനം പൂര്‍ത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാള്‍. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസര്‍. സംസ്ഥാന പൊലീസ് മേധാവി ആകേണ്ടിയിരുന്നയാള്‍-ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെയാണ് നവോത്ഥാനത്തിന് കോടികള്‍ മുടക്കുന്ന പിണറായിയുടെ പ്രതികാരം തീര്‍ക്കല്‍. സസ്‌പെന്‍ഷന്‍ ചോദ്യംചെയ്തു ജേക്കബ് തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലി(സി.എ.ടി)നെ സമീപിച്ചിട്ടുണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഏഴ് പ്രകാരം തനിക്കെതിരേ നടപടി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സി.എ.ടിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച സി.എ.ടി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടീസയച്ചു. വിജയ് ശങ്കര്‍ പാണ്ഡെ കേസിലെ സുപ്രീം കോടതി വിധി ട്രിബ്യൂണലിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത തുറന്നുപറയുന്നതുകൊണ്ടു നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഏഴ് പ്രകാരം കഴിയില്ല. ഗാന്ധി സ്മാരകസമിതി സംഘടിപ്പിച്ച യോഗത്തില്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന് അപഖ്യാതിയുണ്ടാക്കിയെന്ന തോന്നലാണ് നടപടിക്ക് ഒരു കാരണം. എന്നാല്‍, മനഃപൂര്‍വം സര്‍ക്കാരിനെതിരേ പരാമര്‍ശം നടത്തിയിട്ടില്ല.
സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകവും എതിരായി വ്യാഖ്യാനിച്ചു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസുകാരനാണ് ജേക്കബ് തോമസ്. സീനിയോറിട്ടി അനുസരിച്ച് പൊലീസ് മേധാവിയാകേണ്ട സിവില്‍ സര്‍വ്വീസുകാരന്‍. അദ്ദേഹത്തെക്കാള്‍ ജൂനിയറായ ലോക് നാഥ് ബെഹ്റയാണ് പൊലീസ് ഭരിക്കുന്നത്. തന്റെ ബാച്ചിലെ തന്നെ ഋഷിരാജ് സിംഗിന് കേന്ദ്ര ഡിജിപി പദവിയില്‍ ഉന്നത സ്ഥാനവും കിട്ടി. ഇതെല്ലാം ജേക്കബ് തോമസിനും അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാരുകളുടെ ഇഷ്ടക്കേടുണ്ടാക്കിയ ജേക്കബ് തോമസിന് ഇന്ന് ഔദ്യോഗിക പദവികളില്ല.
വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കള്‍ക്കും ഐഎഎസ് ഉന്നതര്‍ക്കുമെതിരെ അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തിരിഞ്ഞത്. ആദ്യം വിജിലന്‍സ് സ്ഥാനത്തു നിന്നും നിര്‍ബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയില്‍ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകര്‍ന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. കാരണം കാണിക്കല്‍ നോട്ടിസിന് അദ്ദേഹം നല്‍കിയ വിശദീകരണം നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിന് ശേഷമാണ് അത്മകഥ എഴുതിയ സംഭവത്തില്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. വീണ്ടും സസ്പെന്റ് ചെയ്ത ശേഷം ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതില്‍ അദ്ദേഹം മറുപടി നല്‍കും. അഴിമതിക്കെതിരെ തന്റേതായ രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇത് തന്നെയാണ് അദ്ദേഹത്തെ ഇടത് സര്‍ക്കാരിനും ശത്രുവാക്കുന്നതെന്നാണ് സൂചന.
ഇതിന് പിന്നാലെയാണ് ഡ്രെജിംങില്‍ വിജിലന്‍സ് കേസ് എടുക്കുന്നത്. വീണ്ടും സസ്‌പെന്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇതെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ചട്ടങ്ങള്‍ ലംഘിച്ചു ഡ്രജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാരിനു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയത് ഇതിന്റെ പേരിലാണ്. സര്‍ക്കാരിന് നേട്ടമുണ്ടാക്കാന്‍ ജേക്കബ് തോമസ് നടത്തിയ ഇടപെടലാണ് ഇപ്പോള്‍ പിണറായിക്ക് അഴിമതിയാകുന്നത്.
ബാര്‍ കോഴയില്‍ യുഡിഎഫിനെ പെടുത്തിയ ഉദ്യോഗസ്ഥനായതു കൊണ്ട് പ്രതിപക്ഷവും ഇതിനെയൊന്നും ചോദ്യം ചെയ്യുന്നില്ല. അങ്ങനെ സത്യത്തിന് വേണ്ടി പോരാടിയ ജേക്കബ് തോമസ് തീര്‍ത്തും ഒറ്റപ്പെടുകയാണ്. പോലീസുകാരെ വരെ പഞ്ഞിക്കിടാനുള്ള അധികാരമാണ് ഇപ്പോള്‍ സിപിഎമ്മിനും അനുബന്ധ സംഘടനകള്‍ക്കും ലഭിച്ചിരിക്കുന്നത്. അങ്ങനെ എല്ലാതലത്തിലും പിണറായി കേരളത്തെത്തന്നെ ഉരുക്കുമുഷ്ടിയിലാക്കാനൊരുങ്ങുമ്പോള്‍. സിപിഎമ്മിന് അനഭിമതരായുള്ളവര്‍ക്കെല്ലാം വരും ദിവസങ്ങളില്‍ നല്ല ഉഗ്രന്‍ പണി കിട്ടാനുള്ള സാധ്യതയാണുള്ളത്.