കോട്ടയം: മുഖ്യമന്ത്രിയുടെ നവകേരള സദസിനു വേദിയൊരുക്കാൻ തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്ന ജോലികൾ വേഗത്തിലാക്കി. 28നു മുന്‍പു കെട്ടിടം മുഴുവൻ പൊളിച്ചു തറ നിരപ്പാക്കി നൽകാൻ കർശന നിർദേശം നൽകിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
അടുത്ത മാസം 13ന് തിരുനക്കര മൈതാനത്ത് നവകേരള സദസ് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ 500 പേർക്ക് ഇരിപ്പിടം ഒരുക്കണമെന്ന സർക്കാർ നിർദേശം വന്നതോടെ വേദി മാറ്റുകയായിരുന്നു.
ഇതോടെ പഴയ ബസ്റ്റാൻഡിനുള്ളിൽ പരിപാടി നടത്താൻ തീരുമാനമായി. ഇതിനായാണ് പൊളിക്കൽ വേഗത്തിലാക്കിയത്.
ഇനിയും ഒന്നര മാസം കൂടിയുണ്ടെങ്കിലേ കെട്ടിടം പൂർണമായും പൊളിച്ച് നീക്കാൻ സാധിക്കുവെന്നാണ് കരാറുകാർ പറയുന്നത്.
എന്നാൽ മുഖ്യമന്ത്രിക്ക് വേദിയൊരുക്കാൻ പൊളിക്കൽ ഉടനടി പൂർത്തിയാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം. പൊടിപടലം ഉയർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടായതോടെ പൊളിക്കൽ താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതൽ വീണ്ടും പൊളിക്കൽ ആരംഭിച്ചിട്ടുണ്ട്. എംസി റോഡിനോട് ചേർന്ന ഭാഗമാണ് ഇന്ന് പൊളിക്കുന്നത്. ഈ ഭാഗം രാത്രി മാത്രം പൊളക്കാനാണ് അനുമതി. ഇതിനായി ഇവിടുത്തെ കന്പികളും മറ്റും മാറ്റുന്ന ജോലി നടന്നുകൊണ്ടിരിക്കുകയാണ്.
ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ മുതല്‍ ഒരാഴ്ചത്തേക്ക് നഗരത്തില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.