തിരുവനന്തപുരം : മതേതര മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഈ അവസ്ഥയിലും തിരുത്തുന്നതിന്റെ ലക്ഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ദേശീയതലത്തിൽ തകർന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിൽ നിന്നും പ്രമുഖരായ നേതാക്കളടക്കം ബിജെപിയിലേയ്ക്കു പോകുകയാണ്. മതനിരപേക്ഷത ആഗ്രഹിക്കാത്ത പാർട്ടിയാണു ബിജെപി.
എന്നാൽ കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും സിപിഎമ്മിലേയ്ക്കാണ് എത്തുന്നതെന്നും ഇതിനു അവരെ പ്രേരിപ്പിക്കുന്ന ഘടകം ഇടതുപക്ഷത്തിന്റെ മതനിരപേക്ഷതയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിലേയ്ക്കു വന്ന നേതാക്കൾക്കു പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കോണ്‍ഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയ നേതാക്കളെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഷാളണയിച്ചു സ്വീകരിച്ചു.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരും പങ്കെടുത്തു.