അഴിമതി വച്ച് പൊറുപ്പിക്കില്ല! ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ ഇടപെടരുത്; മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ…

pinarayi

തിരുവനന്തപുരം: അഴിമതി വച്ച് പൊറുപ്പിക്കില്ലെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്- ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മറ്റ് വകുപ്പുകളില്‍ ഇടപെടരുത്. രാഷ്ട്രീയ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്. നിലപാടുകളില്‍ വ്യക്തിവിരോധമൊ രാഷ്ട്രീയ വിരോധമൊ പുലര്‍ത്തരുത്. ഓഫീസുകളില്‍ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ വരുന്ന ഏജന്റുമാരെ സൂക്ഷിക്കണമെന്നും ആരില്‍ നിന്നും പാരിതോഷികങ്ങള്‍ വാങ്ങരുതെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കൃത്യനിഷ്ഠ ഏവരും പാലിക്കണം. എല്ലാ കാര്യങ്ങളും സംശയത്തോടെ കാണണം എന്നാല്‍ സംശയരോഗമാകരുത്.

മന്ത്രിസഭയുടെ മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുകൂട്ടിയത്. നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആരോപണ വിധേയനായ അംഗത്തെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും പിന്നീട് മുഖ്യമന്ത്രി വിളിച്ചു കൂട്ടും

Related posts