കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്നും ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്നുമുള്ള മാധ്യമ വാർത്തകളോടുള്ള പ്രതികരണവുമായി മുഖ്യമന്ത്രി.
ഇപ്പോൾ വന്നത് ഭയങ്കര കാര്യമല്ലെന്നാണ് ഇതേപ്പറ്റി മുഖ്യമന്ത്രി പ്രതികരിച്ചത്. എല്ലാത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്.
തുടക്കം മുതൽ ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടെന്നും എല്ലാം അന്വേഷണത്തിൽ തെളിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
5000 കോടിയുടെ വികസ നപദ്ധതികളാണ് തീരദേശമേഖലയിൽ സർക്കാർ നടത്തുന്നത്. ഫിഷറീസ് വകുപ്പിനെയും സർക്കാരിനേയും പ്രതിക്കൂട്ടിലാക്കാൻ ചില കേന്ദ്രങ്ങളിൽ ശ്രമം നടക്കുന്നു.
ആഴക്കടൽ മത്സ്യബന്ധനകരാറുണ്ടാക്കിയെന്ന ആരോപണത്തെതുടർന്ന് മേഴ്സിക്കുട്ടിയമ്മക്ക് മണ്ഡലത്തിൽ മത്സരിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടാക്കിയിരിക്കുകയാണ്. ഇതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണ്.
ഭക്ഷ്യകിറ്റും ക്ഷേമപെൻഷനും മുടക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. പാവങ്ങളുടെ അന്നം മുടക്കാനുള്ള മാനസികാവസ്ഥയിലാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കിറ്റ് നൽകാനുള്ള തീരുമാനമെടുത്തത് എൽഡിഎഫിന് കുറച്ച് വോട്ട് കിട്ടട്ടെയെന്നു കരുതിയല്ല. മാത്രമല്ല ഇലക്ഷന്റെ തലേന്നല്ല ഇത് കൊടുക്കാൻ തുടങ്ങിയത്.
കഷ്ടപ്പെടുന്ന എല്ലാ ജനവിഭാഗങ്ങൾക്കും സഹായകമാകട്ടെയെന്ന് കരുതിയാണ് കിറ്റ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനുള്ള കാരണം ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക കേന്ദ്രമേൽപ്പിച്ച ആഘാതമാണ്. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫിന് വർഗീയ ശക്തികളുടെ സഹായം വേണ്ട. എന്നാൽ നാല് വോട്ടിനുവേണ്ടി സഹായം വേണ്ടായെന്ന് പറയാൻ യുഡിഎഫ് തയാറുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
എൻഎസ്എസുമായി എൽഡിഎഫ് ശത്രുതയുണ്ടെന്ന് വരുത്തിതീർക്കാൻ ചില കേന്ദ്രങ്ങളിൽ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.
മന്നം ജയന്തിക്ക്അവധിനൽകാൻ ഇടപെടൽ നടത്തിയിരുന്നു. മുന്നാക്ക സംവരണം ലോകത്ത് ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.