പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന അനേകം രാത്രികളുണ്ട്! അമ്മയുടെ കഥകളാണ് എന്നെ അങ്ങനെയാക്കിയത്; ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി പറയുന്നു

ഇരട്ടച്ചങ്കന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയപ്പെടുന്നത്. ഇതേ ഇരട്ടച്ചങ്കന് പ്രേതത്തെ പേടിയാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. എന്നാല്‍ അതാണ് സത്യം. പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന എത്രയോ രാത്രികള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ഒരു വാരികയ്ക്ക് വേണ്ടി നടന്‍ ഇന്നസെന്റ് നടത്തിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘പ്രേതകഥകള്‍ കേട്ടുകഴിഞ്ഞാല്‍ ആ രാത്രി ഉറങ്ങില്ലെന്ന് ഞാന്‍ കേട്ടു. ഈ ഇരട്ടചങ്കുള്ള ഒരാളാണ് നേരംവെളുക്കുന്നതുവരെ ഉറങ്ങില്ല എന്ന് പറയുന്നത്. അത്രയും പേടി ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ സത്യമായിരുന്നോ?’. ഇതായിരുന്നു ഇന്നസെന്റിന്റെ ചോദ്യം. തുടര്‍ന്നായിരുന്നു മുഖ്യന്റെ മറുപടി.

‘അത് എങ്ങനെയാണെന്ന് വെച്ചാല്‍ നമ്മള്‍ വളരുന്ന സാഹചര്യമാണ് ഇതൊക്കെ സൃഷ്ടിക്കുന്നത്. ഞാന്‍ വളരുന്നത് അമ്മയുടെ കഥ കേട്ടുകൊണ്ടാണ്. അമ്മയുടെ കഥയില്‍ ഭൂതവും പ്രേതവും പിശാചുമൊക്കെയുണ്ട്. അങ്ങനെയുള്ള എല്ലാ കഥയും കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇതൊക്കെ ഈ കുട്ടിയുടെ മനസിലുണ്ടല്ലോ. അപ്പോള്‍ രാത്രിയൊക്കെയായാല്‍ എങ്ങോട്ട് തിരിഞ്ഞാലും പ്രേതമാണ് ഭൂതമാണ് പിശാചാണ്. ഇതൊക്കെ ഭയങ്കരമായ ഭയമാണ്. ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോകില്ല. അമ്മ അടുക്കളേല്‍ നിന്ന് അരയ്ക്കുന്നുണ്ടെങ്കില്‍ ആ പടീമ്മല് വിളക്കുവെച്ചിട്ടാണ് പഠിക്കുക. അത്രപോലും ഒറ്റയ്ക്ക് നില്‍ക്കില്ല. പിന്നെ കുറച്ച് മുതിര്‍ന്നപ്പോഴാണ് ആ പേടി മാറിയത്. സ്വയമേ തന്നെ ചില ശ്രമങ്ങള്‍ നടത്തി അങ്ങൊഴിവാക്കി. ഇതിന്റെ ഭാഗമായിട്ട് മറ്റൊരു കഥ ഞാന്‍ പറയാം. എന്റെ അമ്മ മരിച്ച ദിവസം. മോള് അന്ന് ചെറിയ കുട്ടിയാണ്. വൈകുന്നേരം ബോഡി എടുത്തു. രാത്രിയായപ്പോ അവള് പറയാണ് അച്ഛാ ഞാന്‍ ഇന്ന് അച്ഛമ്മേന്റെ കട്ടിലിലാ കെടക്കുന്നത്. ഞങ്ങള്‍ പരസ്പരം നോക്കി. ഞാന്‍ പറഞ്ഞു. ആയിക്കോട്ടെ കാരണം ആ കുട്ടി വളര്‍ന്ന സാഹചര്യം അതാണ്. അവള് ഇങ്ങനത്തെ ഒരു കഥയും കേള്‍ക്കുന്നില്ലാലോ’. പിണറായി പറയുന്നു.

 

Related posts