വയനാട്: മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരേ വയനാട് കളക്ടറേറ്റിലേക്ക് ഭീഷണിക്കത്ത്. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസദസിൽ പാഠം പഠിപ്പിക്കുമെന്നു കത്തിൽ പറയുന്നു.
സിപിഐ-എംഎൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. യഥാർഥ വിപ്ലവ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു.
കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസുകൾ തടസപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. രണ്ട് രീതിയിലുള്ള കത്തുകളാണ് വന്നത്.
ഉള്ളടക്കങ്ങളിൽ സമാനതയുണ്ട്. പരിപാടിയോടനുബന്ധിച്ച് വയനാട് ജില്ലയിൽ കനത്ത പോലീസ് സുരക്ഷയുണ്ട്. ഇന്നാണ് ജില്ലയിലെ നവകേരള സദസ്. നേരത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതോടെ പരിശോധനകളും സുരക്ഷയും കര്‍ശനമാക്കിയിരിക്കുകയാണ്.