കണ്ടു പഠിക്കെടാ മനുഷ്യത്വം എന്താണെന്ന്…കള്ളു വ്യവസായികളുടെ മൂന്നു കോടി കുടിശ്ശിക എഴുതിത്തള്ളി പിണറായി സര്‍ക്കാര്‍ ! ആദ്യം തള്ളിയത് എഴുതിത്തള്ളാന്‍ കഴിയില്ലെന്ന നിയമോപദേശം…

തെരഞ്ഞെടുപ്പ് അടുത്തതോടെ ഭരണത്തുടര്‍ച്ചയ്ക്കായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സമ്പന്നരായ പാവം വ്യവസായികള്‍ എന്ത് ആവശ്യപ്പെട്ടാലും അത് നടത്തിക്കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം ഈ സര്‍ക്കാരിനില്ല.

പിന്‍വാതില്‍ നിയമനം ഈ സര്‍ക്കാരിന്റെ അവകാശമാണ്. ഇത്തരത്തില്‍ കേരളാ സര്‍ക്കാരിന്റെ കാരുണ്യമനുഭവിക്കുന്ന വേദനിക്കുന്ന കോടീശ്വരന്മാര്‍ നിരവധിയുണ്ട്.

ഇങ്ങനെ പിണറായിക്ക് ഏറ്റവും ഒടുവില്‍ കാരുണ്യം തോന്നിയിരിക്കുന്നത് കള്ളു വ്യവസായികളോടാണ്. തൊഴിലാളികളുടെ ക്ഷേമനിധി വിഹിതമടയ്ക്കാതെ കള്ളു വ്യവസായികള്‍ വരുത്തിയ മൂന്നു കോടി രൂപയുടെ കുടിശിക മാനുഷിക പരിഗണനയുടെ പേരില്‍ സര്‍ക്കാര്‍ എഴുതിത്തള്ളുകയാണ് ചെയ്തത്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഒന്നരക്കോടി അടച്ചാല്‍ മതിയെന്നു വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അതുപോലും വേണ്ടെന്ന് പറഞ്ഞാണ് ഈ സര്‍ക്കാര്‍ കള്ളുകച്ചവടക്കാരോട് ‘കരുതല്‍’ കാട്ടിയത്.

തൊഴില്‍ വകുപ്പാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. രാഷ്ട്രീയ സംഘര്‍ഷം മൂലം 1991 മുതല്‍ 2001 വരെ കള്ളുവ്യവസായത്തില്‍ കനത്ത നഷ്ടമുണ്ടായെന്നു തലശ്ശേരി റേഞ്ച് കള്ളുഷാപ്പ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലാണു നടപടി.

മൂന്നു വര്‍ഷം മുന്‍പാണു നിവേദനം നല്‍കിയത്. തുടര്‍ന്നു കുടിശിക എഴുതിത്തള്ളാന്‍ ശുപാര്‍ശ നല്‍കണമെന്നു തൊഴില്‍വകുപ്പ് കള്ളുവ്യവസായത്തൊഴിലാളി ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

കുടിശികക്കാര്‍ക്ക് ആസ്തിയുണ്ടായിരിക്കെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നായിരുന്നു നിയമോപദേശം. തുടര്‍ന്നു കണ്ണൂര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘര്‍ഷം കാരണം കള്ളു വിറ്റുപോകാത്ത സ്ഥിതിയുണ്ടായിട്ടില്ലെന്നും എവിടെയും ദീര്‍ഘകാലം ഷാപ്പ് അടച്ചിട്ടിട്ടില്ല എന്നുമായിരുന്നു റിപ്പോര്‍ട്ട്. 2018-19ലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പരാതിക്കാര്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. വസ്തു ലേലം ചെയ്തു പണമീടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇതൊന്നും അറിഞ്ഞ ഭാവം കാണിക്കാതെയാണ് പുതിയ ഉത്തരവിറക്കിരിക്കുന്നത്.ബോര്‍ഡിന്റെ അനുമതിക്കു വിധേയമായാണു തീരുമാനമെന്നാണ് 11ന് ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഉത്തരവിറക്കിയ സ്ഥിതിക്ക് ഇനി അംഗീകരിക്കാതെ ബോര്‍ഡിനു തരമില്ല. എന്തായാലും പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒന്നു കൂടി എന്നേ പറയാനുള്ളൂ.

Related posts

Leave a Comment