ആലപ്പുഴ: തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടാൻ എസ്എൻഡിപിയുടെ പിന്തുണയ്ക്ക് സൂചന നൽകി പിണറായി വെള്ളാപ്പള്ളി കൂടിക്കാഴ്ച. കണിച്ചുകുളങ്ങര പിൽഗ്രിം സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന സമയത്തിന് മുക്കാൽ മണിക്കൂർ മുൻപേ കണിച്ചുകുളങ്ങരയിലെത്തി.
തുടർന്ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം കൂടിക്കാഴ്ച തുടർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.
ബിഡിജെഎസിന്റെ എൻഡിഎ പിൻതുണയും തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വവും സംബന്ധിച്ച് വെള്ളാപ്പള്ളി നടേശൻ നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതാണ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാമതിലിന് പിന്തുണ നൽകിയതിലൂടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഏകോപനത്തിന് ചുക്കാൻ പിടിച്ചതിലൂടെയും എസ്എൻഡിപിയുടെ പിന്തുണ സിപിഎമ്മിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇത് ഉറപ്പിക്കാൻ പിണറായി വെള്ളാപ്പള്ളി കൂടിക്കാഴ്ച സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എൻഎസ്എസിന്റെ പിന്തുണ വരുന്ന തെരഞ്ഞെടുപ്പിൽ ലഭിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ എസ്എൻഡിപിയുടെ പിന്തുണ സിപിഎമ്മിന് നിർണായകമാകും.