പബ്ബുകളെക്കുറിച്ച് കൊതിയോടെ കേള്‍ക്കാനേ ഇതുവരെ ഒട്ടുമിക്ക മലയാളികള്‍ക്കും കഴിഞ്ഞിട്ടുള്ളൂ…ദുബായിലും ബംഗളുരുവിലുമുള്ള പബ്ബുകളില്‍ പോയ കഥകള്‍ സുഹൃത്തുക്കള്‍ പറയുമ്പോള്‍ പലതും ആലോചിച്ചു കൂട്ടിയിരുന്ന മലയാളികള്‍ ഇന്‍ ആ രസം ആസ്വദിക്കാന്‍ പോവുകയാണ്.
കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നല്ലേ പറയാറ്. സുന്ദരികളുടെ ഡാന്‍സിനും പാട്ടിനുമൊപ്പം മദ്യം നുകരാനുള്ള അവസരം ഒരുക്കുന്ന പബ്ബുകളാണധികം. ഇത് കൂടാതെ ആളുകളെ ആകര്‍ഷിക്കാന്‍ പല പൊടിക്കൈകളും മുതലാളിമാര്‍ പ്രയോഗിക്കും. പണം പോകുന്ന വഴി അറിയില്ലെങ്കിലും സുഖം ആവോളം അനുഭവിക്കാം എന്നതാണ് പബ്ബുകളെ ആളുകളുടെ ആവേശമാക്കുന്നത്.
കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് മലയാളികളെ ഒന്നടങ്കം ആഹ്ലാദക്കടലില്‍ ആറാടിക്കുകയാണ്. ബംഗളുരു മോഡല്‍ പബ്ബുകള്‍ കേരളത്തിലും സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കഴിഞ്ഞ് അല്പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിനു കേരളത്തില്‍ സൗകര്യമില്ലെന്നു വ്യാപകമായ പരാതിയുണ്ട്. ഇതുമൂലമാണ് കേരളത്തിലും പബ്ബുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ ഷോ ആയ നാം മുന്നോട്ടില്‍ പിണറായി വിജയന് വ്യക്തമാക്കിയത്.
ഇതുമാത്രമല്ല ബിവറേജസ് കോര്പ്പഷനില് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ടെന്നും മദ്യവിമുക്തിയ്ക്കു വേണ്ടിയുള്ള പ്രവര്ത്തവനങ്ങള് അതിവേഗത്തില്‍ മുമ്പോട്ടു പോവുകയാണെന്നും പിണറായി വ്യക്തമാക്കി. എന്നാല്‍ അവസാനം പറഞ്ഞത് പാഴ് വാക്കാണെന്ന് ഏവര്‍ക്കും അറിയാം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയതിനു ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 29ല്‍ നിന്ന് 540 ആയി വര്‍ധിക്കുകയാണ് ചെയ്തത്.
54,500 കോടി രൂപയ്ക്കാണ് ഇടതു മുന്നണി അധികാരത്തില്‍ എത്തിയശേഷം മദ്യം വിറ്റഴിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നതുള്‍പ്പടെ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ലഹരിയുടെ ഉപഭോഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനിടെയിയാണു പുതിയ പബ്ബുകള്‍ കൂടി തുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. എന്തായാലും കേരളത്തില്‍ ഡാന്‍സ് ബാറുള്ള പബ്ബുകള്‍ അനുവദിക്കുമോയെന്ന് കണ്ടറിയാം. പബ്ബുകള്‍ വന്നാല്‍ പൊളിക്കുമെന്നാണ് ന്യൂജന്‍ പിള്ളേര് പറയുന്നത്.