തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ, ഉത്സവങ്ങൾ, പൊതുപരിപാടികൾ, തീയറ്ററുകൾ എന്നിവ ഒഴിവാക്കണം.
വിവാഹം ആഘോഷമാക്കുന്നതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു.
മുൻകരുതലുകളാണ് വേണ്ടത്. കൊറോണ പടരുന്നത് കൈവിട്ട് പോയാൽ നിയന്ത്രിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ പൂജ നടക്കുമെന്നും എന്നാൽ ദർശനം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്.
വിമാനത്താവളങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തമാക്കും. സംസ്ഥാനത്ത് കൂടുതൽ സ്ഥലങ്ങളിൽ പരിശോധനകൾ ഏർപ്പെടുത്തും.
തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ കൊറോണ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ ഓഫീസുകളിൽ സാനിറ്റൈസറുകൾ ഉപയോഗിക്കും. സാനിറ്റൈസറുകളും മാസ്കും കൂടുതൽ നിർമിക്കാൻ അതുമായി ബന്ധപ്പെട്ട കന്പനികൾ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും കൂടായ പ്രവർത്തനത്തിലൂടെ കൊറോണയെ ചെറുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.