കണ്ണൂര്‍: ദിലീപ് വിഷയത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ വിട്ടുനിന്നതിനെക്കുറിച്ചായിരുന്നു പിണറായി പരോക്ഷമായി ഇങ്ങനെ പ്രതികരിച്ചത്. ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയര്‍ന്ന വിലയിരുത്തല്‍. ഈ ബഹിഷ്ക്കരണത്തെ മുഖ്യമന്ത്രി തന്നെ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എംപി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എംഎ!ല്‍എ.യുമായ കെ.ബി. ഗണേശ്കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇവരില്‍ ഒട്ടുമിക്ക ആളുകളും ദിലീപിനെ അനുകൂലിക്കുന്നവരാണ്.
” പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല. ക്ഷണിച്ചവരില്‍ ചിലര്‍ വന്നില്ല. ആരെങ്കിലും ക്ഷണിക്കണോ ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കാന്‍. തങ്ങളുടെ സാന്നിധ്യം ഒരു ബാധ്യതയായി അവര്‍ കാണേണ്ടതായിരുന്നു. ഈ വിമര്‍ശനത്തെ പോസിറ്റീവ് ആയി കാണണം”. മുഖ്യമന്ത്രി പറഞ്ഞു. ദിലീപ് വിഷയത്തില്‍ വലയൊരു വിഭാഗം ചലച്ചിത്രപ്രവര്‍ത്തകര്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയാണ്.സര്‍ക്കാരിനോടുള്ള ഒരു പ്രതിഷേധം എന്നനിലയിലാണ് ഈ ബഹിഷ്കരണം വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പ്രകടിപ്പിച്ചതും. തന്ത്രത്തെ മുഖ്യമന്ത്രി കാര്യമാക്കിയില്ലെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രസംഗം. മികച്ചനടനുള്ള അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച വിനായകനും ഈ ബഹിഷ്കരണത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ‘ആരുവന്നാലും വന്നില്ലേലും പ്രശ്‌നമില്ല. സിനിമയെ തകര്‍ക്കാന്‍ കഴിയില്ല’ എന്നായിരുന്നു വിനായകന്റെ വാക്കുകള്‍.
ചടങ്ങില്‍ അവള്‍ക്കൊപ്പം എന്ന പോസ്റ്റര്‍ പ്രദ്രര്‍ശിപ്പിച്ചു കൊണ്ടായിരുന്നു റിമാ കല്ലിങ്കല്‍ നടിയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്. ദിലീപ് വിഷയത്തില്‍ ബാഹ്യ ഇടപെടലുകള്‍ക്കു വഴങ്ങാതെ മുമ്പോട്ടു പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ദിലീപിന്റെ മോചനത്തിന് സര്‍ക്കാരിന്റെ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവില്ലെന്ന സന്ദേശം മുഖ്യമന്ത്രി ഇടത് ജനപ്രതിനിധികള്‍ക്കടക്കം നല്‍കിക്കഴിഞ്ഞു. നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച നടനും ഇടത് എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍ ദിലീപിന് അനുകൂലമായി നടത്തിയ പരസ്യ പ്രതികരണത്തിനെതിരെ സി.പി.എം, ഇടത് അണികളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കേസില്‍ പോലീസിന് തെറ്റു പറ്റിയെങ്കില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ഗണേഷിന്റെ പരസ്യ പ്രസ്താവനയും വിമര്‍ശനങ്ങള്‍ക്കിടയായി.
ഇതോടെ ഗണേശിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തി. എന്നാല്‍ ,കൂടുതല്‍ വിവാദങ്ങള്‍ ഇതേച്ചൊല്ലി മുന്നണിയില്‍ ഉണ്ടാവാത്തത്, പതിവില്‍ കവിഞ്ഞ ഗൗരവം അതിന് വേണ്ടെന്ന ധാരണയിലാണ്. ദിലീപിന്റെ സഹായം പറ്റിയവര്‍ അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്ന ഗണേശിന്റെ പ്രസ്താവനയ്‌ക്കെതിരേ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമാ നടന്‍ കൂടിയായ മുകേഷ് എംഎല്‍എക്ക് ദിലീപ് വിഷയത്തില്‍ പ്രസ്താവനാ വിലക്കുണ്ട്. ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ മുകേഷും ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അമ്മയുടെ യോഗത്തിന് ശേഷം ദിലീപിനെ പരസ്യമായി പിന്തുണച്ച് മാധ്യമങ്ങളോട് തട്ടികയറിയത് മുകേഷും ഗണേശുമായിരുന്നു. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോടും വിവാദങ്ങളില്‍ ചാടരുതെന്ന് സി.പി.എം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്തായാലും തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആരും നോക്കേണ്ടെന്ന ശക്തമായ സന്ദേശമാണ് പിണറായി താരങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.