തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വിജയൻ.
ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള മന്ത്രിമാർ തുടരുമോയെന്നു വിവിധ പാർട്ടികൾ ആലോചിച്ചാണു തീരുമാനിക്കേണ്ടത്.
ഈ ആലോചനകൾ നടക്കാൻ പോകുന്നതേയുള്ളൂ. യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു.
ഇപ്പോൾ മാധ്യമ പ്രവർത്തകർക്കു പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നു താൻ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല.
എൽഡിഎഫ് ആണ് അതെല്ലാം തീരുമാനിക്കേണ്ടത്. എൽഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാർ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്.
സത്യപ്രതിജ്ഞ എന്നാണെന്ന് എൽഡിഎഫ് ചേർന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ.
പല ഘട്ടങ്ങൾക്കു പകരം മന്ത്രിമാർ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി എങ്ങനെയെന്നു നമുക്കു നോക്കാമെന്നും അദ്ദേഹം പറഞ്ഞു.