തിരുവനന്തപുരം: മകൾ വീണയ്ക്കും എക്സാലോജിക് കന്പനിക്കുമെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മകൾ വീണ ബംഗളൂരുവിൽ കന്പനി തുടങ്ങിയത് ഭാര്യ കമല ജോലിയിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും ബിരിയാണി ചെമ്പ്, സ്വർണക്കടത്ത്, കൈതോലപ്പായ എന്നൊക്കെ പ്രതിപക്ഷം പറയുന്നുണ്ട്. അതിനു മുൻപും പല കാര്യങ്ങളും അവർ പറഞ്ഞിരുന്നു.
നൂറു തവണ സിംഗപ്പൂർ യാത്ര നടത്തി, ടെക്നിക്കാലിയ, കമല ഇന്റർനാഷണൽ, കൊട്ടാരം പൊലത്തെ വീട്, നാട് നിറയെ നിക്ഷേപങ്ങൾ തുടങ്ങി തനിക്കെതിരേ എന്തെല്ലാം കഥകൾ പറഞ്ഞുനടന്നു. അതൊക്കെ കേൾക്കേണ്ടിവന്നിട്ടുണ്ട്.
നേരത്തേ ആരോപണങ്ങൾ ഭാര്യയെക്കുറിച്ചായിരുന്നു. ഇപ്പോൾ അത് മകളിലേക്ക് എത്തിയിട്ടുണ്ട്. ഇതൊക്കെ കേൾക്കുന്പോൾ തനിക്ക് ഒരു മാനസിക കുലുക്കവും ഉണ്ടാവില്ല. അതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനഃസമാധാനമാണ് പ്രധാനം. നിങ്ങൾ മനഃസമാധാനത്തിന് നിരക്കുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാവൂ. തെറ്റു ചെയ്താൽ മനസമാധാനമുണ്ടാവില്ല. അതാണ് തന്റെ നിലപാടെന്നും അതുകൊണ്ട് തെറ്റായ കാര്യങ്ങൾ തന്നക്കുറിച്ചു പറയുമ്പോൾ ഉള്ളാലെ ചിരിച്ചുകൊണ്ട് അതൊക്കെ കേൾക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നും തന്നെ ഏശില്ല. അത് തന്റെ കൈകൾ ശുദ്ധമായതുകൊണ്ടാണ്. അത് ഒരു അഹംഭാവം പറച്ചിലൊന്നും അല്ല. അത്ആരുടെ മുന്നിലും പറയാൻ കഴിയും. അൽപം തലയുയർത്തിത്തന്നെ പറയാൻ കഴിയും.
എന്നാൽ, ഭരണത്തലവൻ എന്ന നിലയിൽ തന്നെ ഇകഴ്ത്തി കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആവശ്യമാണ്. അതാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.