തൃശൂർ: വികസനം നടക്കാതിരിക്കാൻ ആഗ്രഹിക്കുന്നവരാണ് കിഫ്ബിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായും വ്യവസ്ഥകളോടെയും പ്രവർത്തിക്കുന്നതാണ് കിഫ്ബി. ഏതു തരത്തിലുള്ള പരിശോധനയും അതിനു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തേക്കിൻകാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയെ സംബന്ധിച്ചു പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ മറുപടി അർഹിക്കുന്നില്ല. അഞ്ചുവർഷം കൊണ്ട് അന്പതിനായിരം കോടിയുടെ പദ്ധതി കിഫ്ബിയിലൂടെ നടപ്പാക്കാനാണ് തീരുമാനിച്ചത്. മൂന്നുവർഷം പിന്നിടുന്പോൾ മുപ്പതിനായിരം കോടിയുടെ പദ്ധതിയായി.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്ക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പണം കണ്ടെത്തുന്നതെല്ലാം കിഫ്ബി ഫണ്ടിലൂടെയാണ്. 600 ഇനങ്ങളാണ് ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. മൂന്നുവർഷം പിന്നിടുന്പോൾ പറഞ്ഞതിൽ നടക്കാനുള്ളത് 58 എണ്ണം മാത്രമാണ്. ബാക്കിയുള്ളവ ഈ വർഷം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞതിൽ കൂടുതൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
എന്തു ചെയ്താലും വിഹിതം കൈപ്പറ്റുന്ന സാഹചര്യങ്ങൾ ഇടതുസർക്കാരിൽ ഉണ്ടാവില്ല. ഇതു തിരിച്ചറിഞ്ഞ് ആഗോള ഭീമൻമാർ എന്നു വിശേഷിപ്പിക്കുന്നവർ നിക്ഷേപത്തിനായി കേരളത്തിലെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷനായി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്, മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ എന്നിവർ പ്രസംഗിച്ചു. അഴീക്കോടൻ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയിൽ തയാറാക്കിയ സ്മൃതിമണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. ശക്തൻ സ്റ്റാൻഡ്, പാലസ് റോഡ് പരിസരത്തുനിന്ന് ആരംഭിച്ച റെഡ് വോളന്റിയർ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു.