തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുമായുള്ള അടുത്ത ബന്ധവും ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയാകും.
അങ്കമാലിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ ഒരുക്കിയ വിരുന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത സംഭവം വിവാദമായ സാഹചര്യത്തിലാണ് ഗുണ്ടകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയാകുന്നത്.
സംസ്ഥാനത്തു ഗുണ്ടാരാജ് വ്യാപകമായതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തെ തുടർന്ന് ഓപറേഷൻ ആഗ് എന്ന പേരിൽ ഗുണ്ടകളേയും സാമൂഹിക വിരുദ്ധരേയും അടിച്ചമർത്താനും അറസ്റ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട റെയ്ഡിനായി ഗുണ്ടയുടെ വീട്ടിൽ പോലീസ് എത്തിയപ്പോഴായിരുന്നു ഡിവൈഎസ്പി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനും പോലീസുകാരും ഇവിടെ നടന്ന പാർട്ടിയിൽ പങ്കെടുത്തതായി കണ്ടെത്തിയത്. ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയാണു പ്രധാനം.