കൊച്ചി: കിഫ്ബിയെ പ്രതിപക്ഷം വിമര്‍ശിക്കുമ്പോഴും ആരാച്ചാര്‍ പണി ചെയ്യുമെന്നു കരുതിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസന കുതിപ്പിനു കിഫ്ബി ഇന്ധനമായി മാറി.
കേരളത്തെ നശിപ്പിച്ചേയടങ്ങൂവെന്ന സംഘപരിവാറിന്റെ അജണ്ടയ്ക്കു യുഡിഎഫ് ഭാഗമായിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ യുഡിഎഫിന്റെ ഒത്താശയോടെയാണു കേന്ദ്ര ഏജന്‍സകള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
യുഡിഎഫ് എംഎല്‍എമാരുടെ സ്വന്തം മണ്ഡലങ്ങളില്‍ കിഫ്ബിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതെല്ലാം അവരുടെ വിജയമായി ആവേശത്തോടെ സംസാരിക്കുകയും ചെയ്യുന്നു.
കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്.
കിഫ്ബിയും ലൈഫ് മിഷനും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. പണമില്ലാത്തതുകൊണ്ട് നാടിന്റെ വികസനം മുടങ്ങരുതെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണു കിഫ്ബിയെ നവീകരിച്ച് കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തിയത്.
ഒരു വികസന പദ്ധതിയെയും അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്-ലീഗ്-ബിജെപി ബന്ധം ഇന്ന് തുടങ്ങിയതല്ല. അത് വളരെ ശക്തമാണ്.
കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്. അഴിമതിയുടെ കാലം അഴിഞ്ഞു. എല്‍ഡിഎഫിന്റെ നിലപാട് എല്ലാ തലങ്ങളിലും അഴിമതി ഇല്ലാതാക്കുകയെന്നതാണ്.
വിജിലന്‍സ് കാര്യക്ഷമമാക്കും. കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വകുപ്പുകളില്‍ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കും. കിറ്റും ക്ഷേമപെന്‍ഷനും അരിയും മുടക്കാനാണു പ്രതിപക്ഷ നേതാവിന്റെ ശ്രമം.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സര്‍ക്കാരിനെ ആക്രമിക്കാനുള്ള കാര്യങ്ങള്‍ വാചകങ്ങളില്‍ ഒതുങ്ങുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവിന് അതുകൊണ്ട് ഒതുങ്ങാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് അദേഹം കത്ത് നല്കി.
സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതിനല്കുകയാണു ചെയ്തത്. ഇതു പിന്വലിക്കുമോയെന്നു താന്‍ പ്രതിപക്ഷ നേതാവിനോട് ചോദിച്ചിരുന്നു.
എന്നാല്‍, ഇതില്‍ ഉറച്ചുനില്ക്കുന്നൊണു പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണു ഇതെല്ലാം വിതരണം ചെയ്യുന്നതെന്നാണു ആക്ഷേപം. ആഘോഷ ദിവസങ്ങളോടനുബന്ധിച്ചാണു കിറ്റും അരിയും പെന്‍ഷനും വിതരണം ചെയ്യുന്നത്.
കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള ആവശ്യം പിന്‍വലിക്കണമായിരുന്നു. അങ്ങനെ ആവശ്യം ഉന്നയിച്ചതു തെറ്റായി പോയെന്നു ആളുകളോട് തുറന്നു പറയണം. അങ്ങനെ നിലപാട് സ്വീകരിച്ചതില്‍ പ്രതിപക്ഷ നേതാവ് തെറ്റു ഏറ്റുപറയണമെന്നും അദേഹം പറഞ്ഞു.
ഇരട്ടവോട്ടുകള്‍ കൂടുതല്‍ ചേര്‍ക്കുന്നതു യുഡിഎഫാണെന്നാണു വ്യക്തമാകുന്നത്. പെരുമ്പാവൂര്‍, കയ്പ്പമംഗലം, കഴക്കൂട്ടം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും കെപിസിസി, ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടവര്‍ക്കും ഇരട്ടവോട്ടുകളുണ്ട്.
ഇരട്ടവോട്ടുകളുടെ വിഷയത്തില്‍ ഇലക്ഷന് കമ്മീഷന് ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണു വിവരം. ഉദ്യോഗസ്ഥര്‍ എല്ലാ കാലത്തും ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്താറുണ്ടെന്നും അദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, വസ്തുതകള്‍ കണ്ടെത്താനുള്ള നിയപമരമായ വഴിയാണു കേന്ദ്ര ഏജന്‍സികള്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം. ഇത് ഒരാള്ക്കെതിരെയുള്ളതല്ല.
തെറ്റായ നീക്കങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ പുറത്തുവരുന്നത് തങ്ങള്‍ക്കും നല്ലതല്ലെന്ന നിലപാടിലാണു ചിലരുടെ ചില പ്രഖ്യാപനങ്ങളെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.