കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ 24 മണിക്കൂറിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ പയ്യന്നൂർ സ്വദേശിക്കെതിരേ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയുടേതാണെന്ന് ഫോൺ നന്പർ എന്ന് കണ്ടെത്തിയിരുന്നു. ഇയാളെ തേടി അന്വേഷണ സംഘം ഞായറാഴ്ച പയ്യന്നൂരിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.
സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്. അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചു. തുടർന്ന് അടിയന്തര അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.
സന്ദേശമെത്തുന്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ ആശുപത്രിയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് ഉടൻ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അപ്പോളോ ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.