അദാനി നോട്ട് ഓകെ അംബാനിയെങ്കില്‍ ‘ഡബിള്‍’ ഒകെ ! തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനിയെ ഏല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് അനില്‍ അംബാനിയെ…

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ അദാനിയെ ഏല്‍പ്പിച്ചതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏല്‍പ്പിച്ചിരിക്കുന്നതെന്നു പറയാം. സാക്ഷാല്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെയാണ് പിണറായി ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ന്യായങ്ങള്‍ പലത് പറയുന്നുണ്ട്. അനില്‍ അംബാനിയുടെ കമ്പനിക്ക് എങ്ങനെ സാമ്പത്തിക പരിശോധന അനുകൂലമാക്കി ബിഡില്‍ പങ്കെടുക്കാനായെന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

കടക്കെണിയില്‍ ആകെ വലയുന്ന കമ്പനിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ്. ജയില്‍ വാസത്തില്‍ നിന്ന് അനില്‍ കഷ്ടിച്ചു രക്ഷപ്പെട്ടതു തന്നെ ചേട്ടന്‍ മുകേഷിന്റെ കരുണയിലാണ്. അത്തരത്തിലൊരു വ്യക്തിയുടെ കമ്പനിക്ക് ഇന്‍ഷുറന്‍സ് നല്‍കിയതിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പിണറായി സര്‍ക്കാര്‍ റിലയന്‍സിന് നല്‍കിയത് ഈ സാഹചര്യത്തിലാണ് വിവാദത്തിലായത്. ജൂണ്‍ ഒന്നിന് നിലവില്‍ വരുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്സ് (മെഡിസെപ്) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി റിലയന്‍സിന് നല്‍കാനാണ് മന്ത്രിസഭാ തീരുമാനിച്ചത്.

5 കമ്പനികളാണു ടെന്‍ഡറില്‍ പങ്കെടുത്തത്. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി 9438.82 രൂപയും ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി 17700 രൂപയും ഒറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി 6772 രൂപയും നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി 7298.30 രൂപയുമാണു വാര്‍ഷിക പ്രീമിയം ആവശ്യപ്പെട്ടത്. എന്നാല്‍ റിലയന്‍സാകട്ടെ ഇ-ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വോട്ട് ചെയ്യുകയാണുണ്ടായത്. ടെന്‍ഡറുകള്‍ പരിശോധിച്ചശേഷം റിലയന്‍സിന് അനുമതി നല്‍കാന്‍ ധനവകുപ്പ് ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്ന കമ്പനി ഇത്രയും കുറച്ചു തുക ക്വാട്ട് ചെയ്തത് പോലും എങ്ങനേയും ഇന്‍ഷുറന്‍സ് നേടിയെടുക്കുകയായിരുന്നു. ഇതിനുള്ള ഭൗതിക സാഹചര്യം കമ്പനിക്ക് നിലവില്‍ ഉണ്ടോ എന്ന പരിശോധന പോലും നടന്നില്ല. വിമാനത്താവളത്തില്‍ പൊതു മേഖലാ കമ്പനിക്ക് വേണ്ടി വാദിക്കുന്ന മുഖ്യമന്ത്രി പിണറായി ഇന്‍ഷുറന്‍സില്‍ കാട്ടിയത് അംബാനി പ്രണയവും.

ഇതിനിടെ മെഡിസെപിന്റെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയും വന്നിരിക്കുന്നു. നോഡല്‍ ഓഫീസറുടെ ലോഗ് ഇന്‍ ഐഡിയും പാസ് വേര്‍ഡും സുരക്ഷിതമാക്കി വക്കേണ്ട ചുമതല ബന്ധപ്പെട്ടവര്‍ക്കാണ്. എല്ലാ ജീവനക്കാര്‍ക്കും ലോഗ് ഇന്‍ ഐഡിയും പാസ് വേര്‍ഡും നല്‍കിയതോടെ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ജീവനക്കാരുടെ നിര്‍ണ്ണായകമായ വ്യക്തിവിവരങ്ങള്‍ ആര്‍ക്കും ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. റിലയന്‍സിനെ ആരോഗ്യ ഇന്‍ഷുറന്‍സ് നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ നിര്‍ണായകമായ വ്യക്തിവിവരങ്ങള്‍ പുറത്തുള്ളവര്‍ക്ക് ലഭ്യമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ പാടെ അവഗണിക്കുകയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരുമായി പതിനൊന്ന് ലക്ഷം പേരുടെ വ്യക്തിവിവരങ്ങളാണ് ഇതു വഴി റിലയന്‍സിന് ലഭിച്ചത്. വ്യക്തിവിവരങ്ങള്‍ പുറത്ത് ലഭ്യമാകുന്നത് ഗുരുതരമായ സ്ഥിതി വിശേഷം ഒരേ സമയം സാമൂഹ്യവും, നിയമപരവുമായ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. മാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണിത്. സ്വകാര്യത മൗലികാവകാശമാക്കിയ രാജ്യത്ത് വ്യക്തിവിവരങ്ങള്‍ ഒട്ടും അവധാനതയില്ലാതെ കൈകാര്യം ചെയ്തത് സര്‍ക്കാരിന്റെയും ഉദ്യേഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ കനത്ത വീഴ്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണു മെഡിസെപ്. ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി മൂന്നു വര്‍ഷമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു മാസം 250 രൂപ വീതം ഇന്‍ഷുറന്‍സ് പ്രീമിയമായി പിടിക്കുന്ന പദ്ധതി പെന്‍ഷന്‍കാര്‍ക്കു മെഡിക്കല്‍ അലവന്‍സായി നല്‍കിവരുന്ന 300 രൂപയില്‍ നിന്നു പ്രീമിയം തുക കുറവു ചെയ്യുകയും ചെയ്യും.

ഇന്‍ഷുറന്‍സ് പ്രീമിയം മൂന്നു ഗഡുക്കളായി ഇന്‍ഷുറന്‍സ് കമ്പനിക്കു സര്‍ക്കാര്‍ മുന്‍കൂറായി നല്‍കും. ഔട്ട് പേഷ്യന്റ് ചികിത്സകള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ റീ-ഇംമ്പേഴ്സ്മെന്റ് പദ്ധതി തുടരും. ഓരോ കുടുംബത്തിനും ഇന്‍ഷുറന്‍സ് കാലയളവില്‍ വര്‍ഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും, അവയവമാറ്റം ഉള്‍പ്പെടെയുള്ള ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു മൂന്നു വര്‍ഷം ഒരു കുടുംബത്തിനു പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. വര്‍ഷം രണ്ടുലക്ഷം രൂപ നിരക്കില്‍ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമേയാണിത്. ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ഗുരുതരരോഗ ചികിത്സാച്ചെലവിനു തികയുന്നില്ലെങ്കില്‍, പുറമേ പോളിസി കാലയളവില്‍ പരമാവധി ഒരു കുടുംബത്തിനു മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി വര്‍ഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതില്‍ നിന്നാണ് ഈ അധിക സഹായം നല്‍കുക.

ഹൈക്കോടതിയിലേതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍, എയ്ഡഡ് മേഖലയിലേതടക്കമുള്ള അദ്ധ്യാപകരും അനധ്യാപകരും, പാര്‍ടൈം അദ്ധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, പഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ഈ വിഭാഗങ്ങളിലെ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കള്‍. ഇവരുടെ ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എന്നാല്‍ ആകെ മുങ്ങിയിരിക്കുന്ന അനിലിന്റെ റിലയന്‍സ് ആവശ്യസമയത്ത് എങ്ങനെ പ്രതികരിക്കുമെന്നതാണ് ആശങ്കയുളവാക്കുന്നത്. അവരുടെ സമീപകാല പ്രവര്‍ത്തികളെല്ലാം ഈ സംശയങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നുണ്ട്.

Related posts