എം. പ്രേംകുമാർ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനമാകാമെന്ന ഇടതുസർക്കാരിന്റെ നിലപാടിനെ ദുർബലപ്പെടുത്തിക്കൊണ്ടുള്ള സിപിഎം നേതാക്കളുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ പാർട്ടി നേതാക്കൾ നടത്തുന്ന അഭിപ്രായങ്ങൾ അനുചിതമായിപ്പോയെന്ന നിലപാടിലാണു മുഖ്യമന്ത്രി.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിൽ സർക്കാരും മുന്നണിയും വ്യാപൃതമായിരിക്കെ വിവാദങ്ങൾ ഉണ്ടായേക്കാവുന്ന വിഷയങ്ങളിൽ നേതാക്കൾ മൗനം പാലിക്കണമെന്നു ബന്ധപ്പെട്ടവർക്കു പിണറായി വിജയൻ നിർദേശം നൽകി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.
ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന നിലപാടിൽ സർക്കാരും ഇടതുമുന്നണിയും ഒരു മാറ്റവും ഇതുവരെയും നടത്തിയിട്ടില്ല.
എന്നാൽ, വേണ്ടിവന്നാൽ സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഇന്നലത്തെ പരാമർശമാണു വിവാദമായിരിക്കുന്നത്.
സുപ്രീംകോടതി വിധി പ്രസ്താവിച്ചാൽ ഇടതുപക്ഷമാണു ഭരണത്തിലുള്ളതെങ്കിൽ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും;
ഇക്കാര്യത്തിൽ പാർട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലം പ്രയോഗിച്ചു നടപ്പിലാക്കില്ലെന്നും സാമൂഹ്യ സമവായം ഉണ്ടാക്കുമെന്നുമായിരുന്നു ബേബിയുടെ പരാമർശം.
വാക്കുകളിൽ അബദ്ധം മനസിലാക്കിയ ബേബി മിനിറ്റുകൾക്കുള്ളിൽ മലക്കം മറിഞ്ഞു. സത്യവാങ്മൂലം നൽകുമെന്നു താൻ പറഞ്ഞുവെന്ന പ്രചാരണം തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വോട്ടു നേടാനായാണു സിപിഎം ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് ഇപ്പോൾ പറയുന്നതെന്നായിരുന്നു കോണ്ഗ്രസിന്റെയും ബിജെപിയുടെയും വിമർശനം.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം തന്നെ ശബരിമലയിൽ സർക്കാരിനു തെറ്റുപറ്റിയെന്നു സമ്മതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികളോടു മാപ്പുപറയണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം.