ഷാര്‍ജയിലെ ജയിലില്‍ മൂന്നുവര്‍ഷം ശിക്ഷപൂര്‍ത്തിയാക്കിയ 188 ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത് മലയാള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ അല്ലാത്ത കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുക,കേരളം സന്ദര്‍ശിക്കുന്ന ഡോ. ശൈഖ് സുല്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത് എന്നായിരുന്നു വന്ന വാര്‍ത്തകള്‍.
ഇവരെ നാട്ടിലേക്ക് അയയ്ക്കില്ലെന്നും ഷാര്‍ജയില്‍ തന്നെ ജോലി നല്‍കുമെന്നും സുല്‍ത്താന്‍ അറിയിച്ചിരുന്നു. മൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതെങ്കിലും എല്ലാ ഇന്ത്യാക്കാരെയും മോചിപ്പിക്കാന്‍ ഷെയ്ഖ് സുല്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാവിലെ ക്ലിഫ്ഹൗസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി ആവശ്യം മുന്നോട്ടുവച്ചത്. എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച വാര്‍ത്തകളില്‍ ചെറിയൊരു തിരുത്തുണ്ടെന്ന മറുവാദമാണ് ഇപ്പോള്‍ ചിലര്‍ ഉന്നയിക്കുന്നത്. പിണറായിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നാണ് തെളിവു സഹിതം നിരത്തിയിരിക്കുകയാണ് ഇത്തരക്കാര്‍. ഇത്തവണത്തെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 803 ആളുകള്‍ക്ക് പൊതുമാപ്പ് അനുവദിച്ചിരുന്നു.
മാത്രമല്ല ഇത്തരക്കാര്‍ക്ക് പുതിയൊരു ജീവിതം തുടരാനുള്ള സാഹചര്യമൊരുക്കുമെന്നും ബിന്‍ സയിദ് അല്‍ നഹ്യാന്‍ അന്നു പറഞ്ഞിരുന്നു. അന്ന് മാപ്പനുവദിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ട 188 ഇന്ത്യാക്കാര്‍ക്കാണ് ഇപ്പോള്‍ മാപ്പ് അനുവദിച്ചിരിക്കുന്നതായി ഷാര്‍ജാ ഭരണാധികാരി ഷെയ്ഖ് അല്‍ ഖാസിമി പറഞ്ഞിരിക്കുന്നത് എന്നതാണ് വാസ്തവം.
താന്‍ ഇടപെട്ട് മോചനം സാധ്യമാക്കി എന്ന് പിണറായി അവകാശപ്പെടുന്നത് നേരത്തെ മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ച തടവുകാരെയാണ് എന്നതാണ് യാഥാര്‍ഥ്യം. തെളിവുകളും പിണറായിയുടെ വാദം തെറ്റാണെന്നു തെളിയിക്കുന്നു. മാത്രമല്ല മലയാളികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടിയാലോചനകളില്ലാതെ ഷാര്‍ജയിലെ ഇന്ത്യക്കാരെ മൊത്തത്തില്‍ മോചിപ്പിക്കുകയാണെന്ന് ഒറ്റയടിയ്ക്ക് പറയാന്‍ അല്‍ ഖാസിമിയ്ക്ക് കഴിയുമോയെന്നും ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്തായാലും 803 ആളുകളെ മോചിപ്പിച്ചതായി യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ച വാര്‍ത്തകളുടെ ലിങ്ക് സഹിതമാണ് പുതിയ വാര്‍ത്ത പ്രചരിക്കുന്നത്.
803 തടവുകാര്‍ക്ക് മോചനം അനുവദിച്ച യുഎഇ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന്റെ വാര്‍ത്തകള്‍ വായിക്കാന്‍….
https://www.khaleejtimes.com/nation/abu-dhabi/uae-president-pardons-803-prisoners-for-eid-al-adha-